റിസോർട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി പ്രേമന്‍ (67) ആണ് മരിച്ചത്. പയ്യാമ്ബലത്തെ റിസോർട്ടിനു തീയിട്ടശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്ബിലെ കിണറിന്‍റെ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ജോലി രാജിവച്ചു പോകാൻ ഉടമ ആവശ്യപ്പെട്ടതാണ് പ്രകോപനമായതെന്നാണ് കരുതുന്നത്.
റിസോർട്ടിൻ്റെ ഹാളില്‍ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. പ്രേമനും ഗുരുതരമായി പൊള്ളലേറ്റു. തീപിടുത്തത്തില്‍ റിസോർട്ടിലെ വളർത്തു നായകള്‍ ചത്തു. റിസോർട്ടിലെ താമസക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉത്തരേന്ത്യക്കാരായ 4 അതിഥികളാണ് റിസോർട്ടില്‍ ഉണ്ടായിരുന്നത്.
പ്രേമന് പുറമേ ഒരു ജീവനക്കാരൻ കൂടി റിസോർട്ടില്‍ ഉണ്ടായിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കുന്നതു കേട്ട പരിസരവാസികള്‍ ഫയർഫോഴ്സില്‍ വിവരം അറിയിച്ചിരുന്നു. ഫയർഫോഴ്സ് വാഹനം വരുന്നത് കണ്ടപ്പോള്‍ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാരൻ പറഞ്ഞു.
പൊള്ളലേറ്റ പ്രേമൻ പുറത്തേക്ക് ഓടുന്നത് ജീവനക്കാരൻ കണ്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പ്രേമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു വർഷം മുൻപാണ് പ്രേമൻ റിസോർട്ടില്‍ എത്തിയത്. തുടക്കം മുതലേ ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് കെയർടേക്കറാക്കിയത്.