കണ്ണൂരില്‍ നിധി കണ്ടെത്തിയ റബര്‍ത്തോട്ടത്തില്‍ പുരാവസ്തു വകുപ്പ് പരിശോധന

മഴക്കുഴി എടുക്കുന്നതിനിടെയില്‍ നിധിശേഖരം കണ്ടെത്തിയ സ്ഥലത്ത് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി ഗവ.ഹയർസെക്കൻ‌ഡറി സ്കൂളിന് സമീപം പുതിയ പുരയില്‍ താജ്ജുദീന്റെ ഉടമസ്ഥതയിലുള്ള റബ്ബർ‌തോട്ടത്തിലാണ് പരിശോധന നടത്തിയത്. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസര്‍ കെ.കൃഷ്ണരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലം സന്ദര്‍ശിക്കുകമാത്രമാണ് ചെയ്തതെന്ന് ഇ.ദിനേശന്‍ പറഞ്ഞു. ഇവിടെനിന്ന് കണ്ടെത്തിയ നിധിശേഖരം ബുധനാഴ്ച പരിശോധിച്ച ശേഷമേ സ്ഥലത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച്‌ കൂടുതല്‍ പരിശോധന ആവശ്യമുണ്ടോയെന്ന് തീരുമാനിക്കുകയുള്ളൂവെന്നും ദിനേശൻ പറഞ്ഞു. കണ്ടെടുത്തവ തളിപ്പറമ്ബ് ആര്‍.ഡി.ഒ.യുടെ കസ്റ്റഡിയിലാണുള്ളത്. സാധനങ്ങളുടെ ഫോട്ടോ കണ്ടപ്പോള്‍ 200 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവയാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍, സെക്രട്ടറി കെ.എം.രമേശന്‍, വില്ലേജ് ഓഫീസര്‍ മനോജന്‍ ചൂളിയാട്, ശ്രീകണ്ഠപുരം എസ്.ഐ. എം.വി.ഷീജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

റബർ തോട്ടത്തില്‍ മഴക്കുഴി നിർമ്മിക്കുന്നതിനിടയിലാണ് സംഭവം. ഒരു മീറ്റർ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പത്തൊമ്ബത്മു ത്തുമണി, പതിനേഴ് സ്വർണലോക്കറ്റ്, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, അഞ്ച് മോതിരം, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളി നാണയങ്ങള്‍, ഭണ്ഡാരം എന്നിവ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *