കണ്ണൂർ: കണ്ണൂരിലെ കടയിൽ നിന്ന് ഒരു ലക്ഷം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പാലക്കാട്ട് പിടിയിൽ. ശ്രീകണ്ഠപുരം പൂപ്പറമ്പിലാണ് മോഷണം നടന്നത്. പൂപ്പറമ്പിനടുത്ത പ്രദേശത്ത് താമസിച്ചിരുന്ന തൃശൂർ ചൂളിപ്പാടം സ്വദേശി റോയിച്ചൻ ചാലിയിൽ എന്നയാളാണ് പിടിയിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂർ പൂപ്പറമ്പിലെ മലഞ്ചരക്ക് വ്യാപര സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ മോഷണം പോകുന്നത്. പട്ടാപ്പകലായിരുന്നു മോഷണം നടന്നത്. മോഷണ ശേഷം പ്രതി പണവുമായി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കാട്ടിലൂടെ ഓടിയ ശേഷം ചെമ്പേരി-തളിപ്പറമ്പ് ബസിൽ കയറി ഇയാൾ രക്ഷപ്പെട്ടു. പ്രതി ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരികയും ഇത് വൈറലാവുകയും ചെയ്തിരുന്നു.
പാലക്കാട് ആലത്തൂരിൽ വെച്ച് കുടിയാന്മല പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ടവർ ലൊക്കേഷനിലൂടെയാണ് പ്രതി ആലത്തൂരിലുണ്ടെന്ന കാര്യം പൊലീസ് മനസിലാക്കുന്നത്. പ്രതിയെ കണ്ടെത്താനായി നൂറു കണക്കിന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇയാൾക്കെതിരെ മോഷണക്കേസ് ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കുടിയാന്മല സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയിയുടെ നേതൃത്വത്തിൽ എസ് ഐ ചന്ദ്രൻ, എ എസ് ഐ സിദ്ധിഖ്, സിപിഒ സുജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.