കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയെ വിറപ്പിച്ച് ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം. ജനജീവിതം സ്തംഭിപ്പിച്ചതോടെ സ്കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം പ്രദേശത്തെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കാട്ടാനകളെ കാട് കയറ്റാന്‍ നൂറോളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇരിട്ടി മേഖലയിലെ പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് പായം, കര്യാല്‍മേഖലയില്‍ പത്രവിതരണം നടത്തുന്നവര്‍ ആനയെ ആദ്യം കണ്ടത്. ആനയുടെ മുന്‍പില്‍പ്പെട്ട ബൈക്ക് യാത്രക്കാരന് വാഹനം നിര്‍ത്തി എരുമത്തടം ഡ്രൈവിങ് ഗ്രൗണ്ടിലൂടെ ഓടി രക്ഷപ്പെട്ടു. ഇതിനിടെയില്‍ വീണ് ഇയാള്‍ക്ക് കൈകാലുകള്‍ക്ക് പരിക്കേറ്റു.പിന്നീട് കൂടുതല്‍ ജനവാസ മേഖലയിലേക്ക് രണ്ട് ആനകള്‍ എത്തി. തുടര്‍ന്ന് വനപാലകരും പൊലിസുമെത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ രണ്ടു ഭാഗത്തേക്ക് ആനകള്‍ തിരിയുകയും കൂടുതല്‍ പ്രദേശങ്ങള്‍ ഭീതിയിലാവുകയും ചെയ്തു.
എരുമത്തടം പുഴയരികിലെ അക്കേഷ്യ കാട്ടില്‍ ഒരാനയും മറ്റൊന്ന് ജബ്ബാര്‍ കടവ് കരിയാല്‍ മെയിന്‍ റോഡ് മുറിച്ചു കടന്ന് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന്റെ പരിസരത്തെ പ്രദേശത്തും ഓടി കയറി. ജനവാസ മേഖലയില്‍ ആന ഇറങ്ങിയതോടെ പായം ഗവ. യു.പി സ്കൂളിനും വട്ട്യറ എല്‍.പി സ്കൂളിനും എഡിഎം സി പത്മചന്ദ്ര കുറുപ്പ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.