കണ്ണീരായി ജോയി

ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച മാരായമുട്ടം വടകര മലഞ്ചരിവില്‍ ജോയി (45)ക്ക് നാടിന്റെ ബാഷ്പാഞ്ജലി.നാടിന്‍റെ നാനാതുറയില്‍നിന്നും നൂറുകണക്കിനാളുകള്‍ സംസസ്കാര ചടങ്ങിന് സാക്ഷിയാകാനെത്തി. വീട്ടുവളപ്പില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മാതാവിന്‍റെയും ബന്ധുക്കളുടെയും കരച്ചില്‍ ചുറ്റുമുള്ളവരുടെ കണ്ണുകളും ഈറനണിയിച്ചു.മേയര്‍ ആര്യ രാജേന്ദ്രന്‍, സി.കെ. ഹരീന്ദ്രന്‍ എ.എല്‍.എ, മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍, കോണ്‍ഗ്രസ് നേതാവ് മാരായമുട്ടം എം.എസ്. അനില്‍, മാരായമുട്ടം സുരേഷ്, ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള, എം.വി. രാജേഷ്, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധിപേർ ജോയിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു.സാഹസികം..ശ്രമകരം…തിരുവനന്തപുരം: സാഹസികത നിറഞ്ഞതും ശ്രമകരവുമായിരുന്നു രണ്ട് ദിവസം തലസ്ഥാനത്ത് ആമയിഴഞ്ചാൻ തോട്ടില്‍ നടന്ന രക്ഷാപ്രവർത്തനം. ആദ്യാവസനം ഇതിന് മുൻനിരയില്‍നിന്നത് അഗ്നിരക്ഷാസേനയും.ശനിയാഴ്ച രാവിലെ 11ഓടെ ചെങ്കല്‍ച്ചൂള യൂനിറ്റിലേക്കായിരുന്നു ആമയിഴഞ്ചാൻ തോട്ടില്‍ ഒരാള്‍ അകപ്പെട്ടുവെന്ന വിവരമറിയിച്ച്‌ ഫോണ്‍ വിളിയെത്തിയത്. മുട്ടോളം വെള്ളമുള്ള തോട്ടില്‍നിന്ന് അകപ്പെട്ട ജോയിയെ കണ്ടെത്താനാകുമെന്നായിരുന്നു സംഘത്തിന്‍റെ പ്രതീക്ഷ. എന്നാല്‍, അവിടെ എത്തിയപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. മാലിന്യക്കൂമ്ബാരമായിരുന്ന തോട്ടില്‍നിന്ന് ജോയിയെ കണ്ടെത്താനാകുമോയെന്ന് രക്ഷാപ്രവർത്തകർ പകച്ചുപോയ നിമിഷം. തുടർന്നാണ് ജില്ലയിലെ സ്കൂബ ടീമിന്റെ സഹായം തേടുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ സ്കൂബ ടീം എത്തി. മാലിന്യക്കൂമ്ബാരം അഗ്നിരക്ഷാസേനയുടെ വല ഉപയോഗിച്ച്‌ നീക്കം ചെയ്തായിരുന്നു തുടക്കം. ആറടിയോളം വെള്ളത്തില്‍ മൂന്നടിയോളം മാലിന്യമായിരുന്നു. രണ്ട് മുങ്ങല്‍ വിദഗ്ധരെ അതിലൂടെ കടത്തിവിടുകയായിരുന്നു ആദ്യം ചെയ്തത്. 10 മീറ്റര്‍ കഴിഞ്ഞ് അവരെ തിരിച്ചു വിളിച്ചു.രണ്ട് പേര്‍ക്ക് കടന്നുപോകാനാകുമെങ്കിലും ഉയരുകയോ താഴുകയോ നിവര്‍ന്നുനില്‍ക്കുകയോ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, സ്കൂബ ഡൈവേഴ്സിന്റെ ആത്മധൈര്യത്തില്‍ വീണ്ടും ടണലിന്റെ 30 മീറ്ററോളം അകത്തേക്ക് പോയി. എന്നാല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തടസ്സമായി. മാലിന്യം തന്നെയായിരുന്നു രക്ഷാദൗത്യത്തിലെ പ്രധാന വെല്ലുവിളി. തിരുവനന്തപുരത്തുനിന്ന് ഒമ്ബത് പേരടങ്ങുന്ന സ്കൂബ അംഗങ്ങളാണ് ആദ്യം അഗ്നിരക്ഷാസേനയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നത്. ആദ്യത്തെ ടണല്‍ വരുന്ന ഭാഗത്ത് ഇരുവശങ്ങളില്‍നിന്നാണ് പരിശോധന നടത്തിയത്. ജോയ് ഇല്ല എന്ന് ഉറപ്പു വരുത്തിയശേഷമാണ് അവിടെ തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *