കണ്ടെടുക്കാനുള്ളത് മൃതദേഹങ്ങള്‍ മാത്രമെന്ന്: സൈന്യം

ഉള്‍പൊട്ടല്‍ നടന്ന വയനാട് മുണ്ടക്കൈ, ചൂരല്‍ മലയില്‍ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്ന് സൈന്യം.

500 സൈനികര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മൂന്നു സ്നിഫര്‍ നായകളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വിനോദ് മാത്യുവാണ് ഇക്കാര്യമറിയിച്ചത്. ജീവനോടെയുള്ള കുടുങ്ങി കിടക്കുന്ന എല്ലാവരെയും രക്ഷിക്കാനായതായി യോഗം വിലയിരുത്തി.

ഉരുള്‍പൊട്ടല്‍ നടന്ന മേഖലയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. ദുരിത മുഖത്ത് 1000 പൊലീസുകാര്‍ തിരച്ചിലിനും 1000 പേര്‍ മലപ്പുറത്തും പ്രവര്‍ത്തനരംഗത്തുണ്ടെന്ന് എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. ശരീരഭാഗങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രതിസന്ധിയാകുന്നത്. മൃതദേഹം കിട്ടിയാല്‍ മൂന്നുമിനിറ്റിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും ചാലിയാറില്‍ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പരിശോധനയ്ക്ക് ശേഷം ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുളള നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും രാസ പരിശോധന വിദഗ്ധരുമാണ് സംഘത്തിലുള്ളത്. അതേസമയം, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *