കണക്കുകൂട്ടലുകള്‍ പിഴച്ചു! കൊല്ലത്ത് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയെന്ന് സിപിഎം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നടനും എംഎല്‍എയുമായ മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി.

പൊതുജനങ്ങള്‍ക്കിടയില്‍ പിന്തുണ ലഭിക്കുമെന്ന് കരുതിയാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാല്‍ അത്തരത്തിലുള്ള ഒരു പിന്തുണയും ലഭിച്ചില്ല എന്നും കൊല്ലം ജില്ലാ കമ്മിറ്റി വിലയിരുത്തി.

സാധാരണ പ്രവര്‍ത്തകരെ നേതൃത്വം അവഗണിക്കുകയാണെന്നും ജില്ലാ കമ്മിറ്റിയില്‍ വിമർശനം ഉണ്ടായി. ആവശ്യങ്ങളുമായി പാര്‍ട്ടി ഓഫീസില്‍ എത്തുന്ന പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ നേതൃത്വം മുഖം തിരിക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പലരും സാമ്ബത്തിക ബാധ്യതയിലാണ്. ഇങ്ങനെയുള്ള സാധാരണ പ്രവർത്തകർ എങ്ങനെ ജീവിക്കുന്നു എന്നുള്ള കാര്യം പാർട്ടി ഒരിക്കലും തിരക്കാറില്ല എന്നും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

പാര്‍ട്ടി സര്‍ക്കുലര്‍ നടപ്പിലാക്കാന്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും നിരന്തരം സമ്മർദ്ദം ഉണ്ടാകുന്നതായി വിമർശനം ഉയർന്നു. നിരന്തരം പണപ്പിരിവ് അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. നിര്‍ധനരെ പോലും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ വരിക്കാരാകാന്‍ നിര്‍ബന്ധിക്കുകയാണ്. നേതൃത്വം മുതലാളിമാരും പ്രവര്‍ത്തകര്‍ തൊഴിലാളികളും എന്ന മട്ടിലുള്ള വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്നും ജില്ലാ കമ്മിറ്റിയിലെ പ്രതിനിധികള്‍ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *