കടുവ ആക്രമണം; രാധയുടെ മകന് താത്കാലിക ജോലി,​ നിയമന ഉത്തരവ് കൈമാറി മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് താത്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കൈമാറി. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടെ മന്ത്രിയെ പൊലീസ് ഒരുക്കിയ വഴിയിലൂടെയാണ് രാധയുടെ വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളുമായി സംസാരിച്ച മന്ത്രി രാധയുടെ മകന് താത്കാലിക ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറുകയും ചെയ്തു.

ജനങ്ങളുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.സാദ്ധ്യമായതെല്ലാം ചെയ്യും. ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കണം. ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 29ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ദൗത്യ സംഘാംഗം ജയസൂര്യയെയും മന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു.അതേസമയം മന്ത്രിക്കെതിരെ വലിയ രീതിയിലുളള പ്രതിഷേധമാണ് നടന്നത്. രാധയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെ മന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പൈലറ്റ് വാഹനത്തിന്റെ മുൻപിൽ കരിങ്കൊടിയുമായാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇവരെ റോഡിൽ നിന്ന് ബലം പ്രയോഗിച്ച് പൊലീസ് നീക്കിയാണ് മന്ത്രിക്കായി വഴിയൊരുക്കിയത്. രാധ കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും വീട് സന്ദർശിക്കാതിരുന്ന മന്ത്രി ഇപ്പോൾ എന്തിനാണ് വന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *