കടുക് ചെറുതെങ്കിലും ഗുണങ്ങള്‍ ചെറുതല്ല, അറിയാതെ പോകരുത് ഗുണങ്ങള്‍

ഏത് കറിയിലും നമ്മള്‍ മലയാളികള്‍ക്ക് ഉപേക്ഷിക്കാനാവാത്ത ഒന്നാണ് കടുക്. വീട്ടമ്മമാര്‍ക്ക് കടുകില്ലാതെ ഒന്നിനും ഒരു കറിക്കും തുടക്കം കുറിക്കാന്‍ സാധിക്കില്ല.

പക്ഷെ കടുക് വെറുതെ കറിക്ക് ഇടാനുള്ളത് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് കടുക്.

കടുകില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണയാണ് കടുകെണ്ണ. ഇത്തിരിക്കുഞ്ഞനാണെങ്കിലും ഒത്തിരി ഔഷധഗുണങ്ങളാണ് കടുകിനുള്ളത്. കരിങ്കടുക്, ചെങ്കടുക്, മഞ്ഞക്കടുക് അഥവാ തവിട്ടുകടുക് എന്നിങ്ങനെ കടുക് മൂന്നിനങ്ങളുണ്ട്. ഇവയില്‍ ഔഷധങ്ങള്‍ക്കായും എണ്ണയ്ക്ക് വേണ്ടിയും ഉപയോഗിക്കുന്നത് കരിങ്കടുകും, ചെങ്കടുകുമാണ്.

കടുകിന്റെ ഔഷധഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

കടുക് വാതം, കഫം, കൃമി, ചൊറി, നെഞ്ചുവേദന, പഴകിയ ചുമ, ശ്വാസംമുട്ട് എന്നിവ ശമിപ്പിക്കും. കടുകെണ്ണ പ്രമേഹം, അര്‍ശസ്, കുഷ്ഠരോഗം, ചൊറി, ചിരങ്ങ്, വെള്ളപ്പാണ്ട്, വാതം, കഫം, മേദസ് എന്നിവ ശമിപ്പിക്കും. കൂടാതെ രുചിയെ ഉണ്ടാക്കുകയും ഛര്‍ദ്ദി ശമിപ്പിക്കുകയും ചെയ്യുന്നു.

ചില ഔഷധപ്രയോഗങ്ങള്‍

തലവേദന

കടുക് നന്നായി അരച്ച്‌ നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്ക് ശമനമുണ്ടാകും. കടുകിന് പൊള്ളുന്ന സ്വഭാവമുണ്ട്. അതിനാല്‍ കടുകിനൊപ്പം അരിയും ചേര്‍ത്ത് അരച്ച്‌ വേണം ശരീരത്തില്‍ പുരട്ടാന്‍.

ചെവിവേദന

കടുകെണ്ണ ചൂടാക്കി ചെറിയ ചൂടോടെ രണ്ടോ മൂന്നോ തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദന മാറും.

പഴകിയ ചുമ, നെഞ്ചുവേദന

കടുക് അരച്ച്‌ ചെറിയ അളവില്‍ തേനില്‍ ചാലിച്ച്‌ കുറച്ചു ദിവസം പതിവായി കഴിച്ചാല്‍ പഴകിയ ചുമ, നെഞ്ചുവേദന തുടങ്ങിയവ മാറും.

വിശപ്പില്ലായ്മ

കടുക്, ജീരകം, ചുക്ക്, കായം, ഇന്തുപ്പ് എന്നിവ ഒരേ അളവില്‍ എടുത്ത് അരച്ച്‌ മോരില്‍ കലക്കി കഴിച്ചാല്‍ വിശപ്പില്ലായ്മ മാറിക്കിട്ടും.

വിഷം

വിഷജന്തുക്കള്‍ കടിച്ചുണ്ടാകുന്ന വിഷം, നീര്, വേദന തുടങ്ങിയ വിഷവികാരങ്ങള്‍ ഇല്ലാതാക്കാന്‍ന്‍ കടിയേറ്റ ഭാഗത്ത് കടുക് അരച്ച്‌ പുരട്ടിയാല്‍ മതിയാകും.

വയറുവേദന

കടുക് വറത്ത് അതില്‍ വെള്ളമൊഴിച്ച്‌ തിളപ്പിച്ച്‌ കുടിച്ചാല്‍ വയറുവേദന മാറും.

തലയ്ക്ക് കനം, ഭാരം

കടുക് അരച്ച്‌ ഉള്ളങ്കാലിലും മൂക്കിന്റെ പാലത്തിലും പുരട്ടിയാല്‍ തലയ്ക്ക് അനുഭവപ്പെടുന്ന ഭാരം, കനം എന്നിവ മാറിക്കിട്ടും.

വ്രണങ്ങള്‍

വ്രണങ്ങളില്‍ കടുക് അരച്ചുപുരട്ടിയാല്‍ വ്രണങ്ങള്‍ പെട്ടന്ന് ഉണങ്ങും.

വീക്കം, നെഞ്ചുവേദന

കടുക് അരച്ച്‌ പുറമെ പുരട്ടിയാല്‍ ശരീരത്തിലുണ്ടാകുന്ന വീക്കം, നെഞ്ചുവേദന തുടങ്ങിയവ മാറിക്കിട്ടും.

ഉപ്പൂറ്റി വേദന

കടുകും മുരിങ്ങയിലയും കുറച്ച്‌ കല്ലുപ്പും ചേര്‍ത്ത് അരച്ച്‌ പുറമെ പുരട്ടിയാല്‍ ഉപ്പൂറ്റി വേദന ശമിക്കും. ശരീരത്തിലുണ്ടാകുന്ന നീര് മാറാനും ഇങ്ങനെ അരച്ച്‌ പുരട്ടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *