കടലില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിക്ക് തുടക്കമായി

കേരളത്തിന്റെ തീരക്കടലില്‍ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കുന്നതിനായി കൃത്രിമപ്പാരുകള്‍ സ്ഥാപിച്ച്‌ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു.

വിഴിഞ്ഞം നോർത്ത് ഹാർബറില്‍ നടന്ന പരിപാടിയില്‍ സില്‍വർ പൊമ്ബാനോ ഇനത്തില്‍ പെട്ട 22,000 മത്സ്യകുഞ്ഞുങ്ങളെയാണ് കടലില്‍ നിക്ഷേപിച്ചത്.

കേന്ദ്ര ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും ഫിഷറീസ് മേഖലയുടെ മുന്നേറ്റത്തിന് ഇത് കാരണമായെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കൃത്രിമപ്പാരുകളുടെ കാര്യത്തില്‍ സംസ്ഥാനം ഏറെ മുന്നേറിയിട്ടുണ്ട്. എല്ലാ ഫിഷിങ് ബോട്ടുകളിലും ട്രാൻസ്പോണ്ടറുകള്‍ സ്ഥാപിക്കുന്നതിന് സർക്കാർ സഹായം ലഭ്യമാക്കും. 60% ചെലവ് കേന്ദ്രവും 40% സംസ്ഥാനവും വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക പ്രശ്‌നങ്ങളും മാലിന്യപ്രശ്‌നവും നിമിത്തം മത്സ്യ സമ്ബത്തില്‍ വലിയ തോതിലുള്ള കുറവ് സംഭവിച്ച കാലമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മത്സ്യ സമ്ബത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കാനുള്ള പദ്ധതി ആരംഭിച്ചത്. മത്സ്യ ലഭ്യത കൂട്ടുക എന്ന ലക്ഷ്യം കൈവരിക്കാൻ കടലില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിയിലൂടെ സാധ്യമാകും. ഇതിന്റെ ഭാഗമായി നിക്ഷേപിക്കുന്ന 10 ലക്ഷം മത്സ്യകുഞ്ഞുങ്ങള്‍ വളർന്ന് 8 കിലോ തൂക്കം വരെ ആകുന്നവയാണെന്നും മന്ത്രി പറഞ്ഞു.

ഒൻപത് തീരദേശ ജില്ലകളിലും തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലില്‍ 42 സ്ഥലങ്ങളിലായി 6,300 കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ യഥാക്രമം 60 : 40 അനുപാതത്തില്‍ ആകെ 13.02 കോടി രൂപയുടെ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി. അതനുസരിച്ച്‌ 6,300 കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുകയും ചെയ്തു.

പാരുകളില്‍ കൂടുതല്‍ മത്സ്യലഭ്യത ഉറപ്പാക്കുന്നതിനും ജില്ലയിലെ പരമ്ബരാഗത മത്സ്യതൊഴിലാളികള്‍ക്ക് വർധിച്ച തോതില്‍ മത്സ്യം ലഭിക്കുന്നതിനും അനുയോജ്യമായ മത്സ്യ വിത്ത് നിക്ഷേപം നടത്തുകയാണ് സീ റാഞ്ചിംഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സർക്കാരില്‍ നിന്നും എൻഎഫ്ഡിബി മുഖാന്തരം മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നിശ്ചിത അകലങ്ങളിലുള്ള 10 കൃത്രിമപ്പാരു സൈറ്റുകളില്‍ പൊമ്ബാനോ, കോബിയ തുടങ്ങിയ മത്സ്യ വിത്തുകള്‍ ഒരു പാരില്‍ ഒരു ലക്ഷം എന്ന ക്രമത്തില്‍ ആകെ 10 ലക്ഷം മത്സ്യ വിത്തുകളാണ് നിക്ഷേപിക്കുന്നത്. 8 മുതല്‍ 10 ഗ്രാം വരെ വളർച്ചയെത്തിയ മത്സ്യകുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നിക്ഷേപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *