കടയ്ക്കല്‍ കോടതി കെട്ടിടനിർമാണം ഫയലുകളില്‍ ഒതുങ്ങുന്നു. സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് സ്ഥലം വാങ്ങി 16 കൊല്ലമായിട്ടും നിർമാണം പൂർത്തിയായില്ല.
കടയ്ക്കല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് വേണ്ടിയുള്ള കെട്ടിട നിർമാണമാണ് അനന്തമായി നീളുന്നത്.
വാടക കെട്ടിടത്തില്‍ പ്രവർത്തിച്ചുവന്ന കോടതിയുടെ പ്രവർത്തനം പിന്നീട് കടയ്ക്കല്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കോടതിക്കായി വാങ്ങിയ സ്ഥലത്ത് കാടുവളർന്ന് കാട്ടുപന്നികളുടെയും ഇഴ ജന്തുക്കളുടെയും താവളമായി. ഗോവിന്ദമംഗലം റോഡില്‍ ടൗണിനോട് ചേർന്ന് ഗവ. ടൗണ്‍ എല്‍.പി സ്കൂളിന് സമീപമാണ് കോടതിക്ക് വേണ്ടി 50 സെൻറ് സ്ഥലം പഞ്ചായത്ത് വാങ്ങിയത്.
സ്ഥലം ആദ്യം റവന്യൂവകുപ്പിനും തുടർന്ന് ഹൈകോടതിക്കും കൈമാറാനായി 13 വർഷമെടുത്തു. ആദ്യഘട്ടത്തില്‍ അധികൃതരുടെ അനാസ്ഥയും തുടർന്ന് സങ്കീർണമായ നടപടിക്രമങ്ങളുമാണ് ഭൂമി കൈമാറ്റം വൈകിപ്പിച്ചത്. നൂലാമാലകുരുക്കഴിച്ച് ഒടുവില്‍ 2021 ല്‍ സ്ഥലം ഹൈകോടതിക്ക് കൈമാറി.
നിലവിലുള്ളത് കൂടാതെ സിവില്‍ കോടതി, കുടുംബകോടതി ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കാൻ 42,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടനിർമാണത്തിന് പ്ലാൻ തയാറാക്കിയാണ് എസ്റ്റിമേറ്റ് ഉള്‍പ്പെടെ പൊതുമരാമത്ത് വകുപ്പ് ഹൈകോടതിക്ക് സമർപ്പിച്ചത്. എന്നാല്‍ വിസ്തൃതി അധികമായെന്നുപറഞ്ഞ് അധികൃതർ അനുമതി നിഷേധിച്ചു.
തുടർന്ന് പുതിയ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ഭരണാനുമതിക്കായി നല്‍കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ തെറ്റായ നടപടിക്രമങ്ങള്‍ മൂലമാണ് അനുമതി വൈകുന്നതെന്ന ആക്ഷേപമുണ്ട്. കടയ്ക്കല്‍, ചിതറ, ചടയമംഗലം, പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തന പരിധിയിലാണ് കടയ്ക്കല്‍ കോടതി.