കടമ്ബഴിപ്പുറം ബാർ ജങ്ഷനില്‍ വേങ്ങശ്ശേരി റോഡില്‍വെച്ച് രണ്ടുപേർക്ക് വെട്ടേറ്റു. ഇലിയകോട്ടില്‍ നരിയംപാടം പ്രസാദ് (35), സുഹൃത്ത് കുളക്കാട്ടുകുറിശ്ശി കണ്ടത്തില്‍ ടോണി (38) എന്നിവർക്കാണ് വെട്ടേറ്റത്.
വ്യാഴാഴ്ച പുലർച്ച 3.30ന് കടമ്ബഴിപ്പുറം വെട്ടേക്കര റോഡില്‍ വാടകക്ക് താമസിക്കുന്ന കുളക്കാട്ടുകുറിശ്ശി സ്വദേശി പൂവത്തുംകുഴിയില്‍ സ്റ്റെനോയുടെ വീട്ടിലേക്ക് ഒരു സംഘം ആളുകള്‍ വന്ന് വാതിലില്‍ മുട്ടുകയും വാതില്‍ തുറക്കാതായപ്പോള്‍ തിരിച്ചുപോവുകയും ചെയ്തിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന സ്റ്റെനോ ബന്ധുവായ ടോണിയോടും സുഹൃത്ത് പ്രസാദിനോടും വരാൻ ആവശ്യപ്പെട്ടു. ഇവർ സ്റ്റെനോയുടെ വീട്ടിലെത്തിയ ഉടൻ മൂവരും പുലർച്ച വാതിലില്‍ മുട്ടിയ സംഘത്തെ അന്വേഷിച്ച് സ്കൂട്ടറില്‍ പുറപ്പെട്ടു. ബാർ ജങ്ഷനില്‍ നിന്നിരുന്ന അക്രമിസംഘം ഇവരെക്കണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കൈകളിലും കാലിലും വെട്ടേറ്റ ടോണിയുടെ പരിക്ക് ഗുരുതരമാണ്. ടോണിയെ തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രസാദ് പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സ്റ്റെനോ വെട്ടേല്‍ക്കാതെ രക്ഷപ്പെട്ടു.
പ്രസാദിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമികളെ കുറിച്ച് സൂചന ലഭിച്ചതായി ശ്രീകൃഷ്ണപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഷഹീർ പറഞ്ഞു.