കഞ്ചാവ് കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.മലപ്പുറം ചേലമ്ബ്ര ഇടിമുഴിക്കൽ ചെമ്ബകൻ വീട്ടിൽ അമർനാഥിനെയാണ് (28) പാലക്കാട് സെക്കൻഡ് അഡീഷനൽ കോടതി ജഡ്‌ജി സുധീർ ഡേവിഡ് ശിക്ഷിച്ചത്.2017 ഡിസംബർ ഒമ്ബതിന് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിൽപനക്കായി മൂന്ന് കിലോ കഞ്ചാവുമായി അമർനാഥിനെയും മറ്റൊരു പ്രതിയെയും കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.അന്നത്തെ ഒറ്റപ്പാലം എസ്.ഐയായിരുന്ന എ. ആദം ഖാൻ രജിസ്റ്റർ ചെയ്‌ത കേസ് ഒറ്റപ്പാലം ഇൻസ്പെക്‌ടറായിരുന്ന പി. അബ്ദുൽ മുനീർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കൂട്ടുപ്രതി എറണാകുളം ആലുവ എരുമത്തല മനയത്ത് വീട്ടിൽ റോഷൻ ഒളിവിൽ പോയതിനാൽ ഒന്നാം പ്രതിയായ അമർനാഥ് മാത്രമാണ് വിചാരണ നേരിട്ടത്. പ്രോസിക്യൂഷനുവേണ്ടി ശ്രീനാഥ് വേണു ഹാജരായി. എസ്.സി.പി.ഒ ആഷിക് റഹ്മാൻ പ്രോസിക്യൂഷൻ നടപടികൾ എകോപിപ്പിച്ചു.