ഓസ്റ്റിയോപൊറോസിസ് തടയാന്‍ ചെയ്യേണ്ടത് എന്തൊക്കെ? അറിയാം ഇക്കാര്യങ്ങള്‍

അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഇതിന്‍റെ കാരണം.

ഇതുമൂലം അസ്ഥികള്‍ വേഗത്തില്‍ പൊട്ടാനും ഇടയാകുന്നു. പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം വരാം. അസ്ഥി പൊട്ടുന്നതുവരെ സാധാരണയായി രോഗലക്ഷണങ്ങള്‍ കാണാത്തതിനാല്‍ ഇതിനെ ‘നിശബ്ദ രോഗം’ എന്ന് വിളിക്കാറുണ്ട്.

ഒരു പൊതുജനാരോഗ്യപ്രശ്‌നമെന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞ ഈ രോഗം 200 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ബാധിച്ചിട്ടുണ്ട്. 50 വയസ്സിനു മുകളിലുള്ള മൂന്നില്‍ ഒരു സ്ത്രീക്കും അഞ്ചില്‍ ഒരാള്‍ക്കും ഓസ്റ്റിയോപൊറോസിസുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം 20 ലക്ഷം പേര്‍ക്ക് ഈ രോഗം മൂലം അസ്ഥിഭംഗം സംഭവിക്കുന്നു.

മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച്‌ രോഗം വരാനുള്ള സാധ്യത കുറയും. ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. പതിവായി വ്യായാമം ചെയ്യുക. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കും. ഇതിനായി നടത്തം, നീന്തല്‍, യോഗ തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.
  2. തണുത്ത കാലാവസ്ഥ സന്ധി വേദന വർദ്ധിപ്പിക്കും. അതിനാല്‍ ശരീരത്തില്‍ ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഓസ്റ്റിയോപൊറോസിസ് രോഗികള്‍ക്ക് നല്ലതാണ്.
  3. വെള്ളം ധാരാളം കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
  4. ഭാരം കൂടുമ്ബോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക.
  5. എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്കായി ചെയ്യേണ്ടത്.
  6. ഇലക്കറികള്‍, ഫാറ്റി ഫിഷ്, നട്സ്, ബെറി പഴങ്ങള്‍ തുടങ്ങിയ ആന്‍റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധി വേദന കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.
  7. പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക. പുകവലിയും മദ്യപാനവും അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും അസ്ഥികളുടെ ശക്തിക്ക് ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും.
  8. ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *