ഓപ്പണ്‍ AIയെ വിമര്‍ശിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയ ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഭീമൻ ഓപ്പണ്‍ എ.ഐയിലെ മുൻ ജീവനക്കാരനും ഇന്ത്യക്കാരനുമായ യുവാവിനെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ഓപ്പണ്‍ എ.ഐയിലെ മുൻ ഗവേഷകനായ സുചിർ ബാലാജി (26)യെയാണ് സാൻഫ്രാൻസിസ്കോയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടത്. നവംബർ 26-ന് സംഭവിച്ച മരണത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.

സുചിർ ബാലാജിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും വിളിച്ചറിയിച്ചതിനെത്തുടർന്ന് സാൻഫ്രാൻസിസ്കോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നവംബർ 26-നായിരുന്നു ഇത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതുതന്നെയാണ് സാൻഫ്രാൻസിസ്കോ ചീഫ് മെഡിക്കല്‍ എക്സാമിനർ മാധ്യമങ്ങളോട് പറഞ്ഞതും.

ഓപ്പണ്‍ എ.ഐ ഗുരുതരമായ പകർപ്പവകാശ ലംഘനങ്ങള്‍ നടത്തുന്നതായി കമ്ബനിയില്‍നിന്ന് ആഗസ്റ്റില്‍ രാജിവെച്ചതിനുപിന്നാലെ ബാലാജി ആരോപിച്ചിരുന്നു. ബാലാജിയുടെ വെളിപ്പെടുത്തല്‍ വലിയ ചർച്ചകള്‍ക്കിടയാക്കി. വലിയ ഞെട്ടലാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അന്ന് പ്രകടിപ്പിച്ചത്. ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്കും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഓപ്പണ്‍ എ.ഐ അതിൻ്റെ ജനറേറ്റീവ് എ.ഐ പ്രോഗ്രാമായ ചാറ്റ് ജി.പി.ടിയെ പരിശീലിപ്പിക്കുന്നതിന് ശരിയായ അനുമതിയില്ലാതെ പകർപ്പവകാശമുള്ള ഡാറ്റകള്‍ ഉപയോഗിച്ചുവെന്നാണ് ബാലാജി പരസ്യമായി ആരോപിച്ചത്. ചാറ്റ് ജി.പി.ടി പോലുള്ള സാങ്കേതിക വിദ്യകള്‍ ഇൻ്റർനെറ്റിനെ തകരാറിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഓപ്പണ്‍ എ.ഐയുടെ രീതികള്‍ ഇൻ്റർനെറ്റ് ആവാസവ്യവസ്ഥയ്ക്ക് ഹാനികരമാണെന്നും സമ്മതമില്ലാതെ ഡാറ്റ ഉപയോഗിക്കുന്നത് അതിന്റെ യഥാർത്ഥ വ്യക്തികള്‍ക്ക് ഹാനികരമാണെന്നും ന്യൂയോർക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, ബാലാജി അഭിപ്രായപ്പെട്ടിരുന്നു.

ബാലാജിയുടെ ആരോപണങ്ങള്‍ക്കുപിന്നാലെ നിരവധി രചയിതാക്കളും പ്രോഗമർമാരും പത്രപ്രവർത്തകരും ഓപ്പണ്‍ എ.ഐക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *