1991 ജനുവരി 17ന് കുവൈത്തില്‍നിന്ന് ഇറാഖി സേനയെ തുരത്താനുള്ള ‘ഓപറേഷൻ ഡെസേർട്ട് സ്റ്റോം’ എന്ന സൈനിക ആക്രമണത്തിന് സഖ്യസേന തുടക്കമിട്ടു.
സംഖ്യസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ഇറാഖി ലക്ഷ്യങ്ങളില്‍ വൻതോതിലുള്ള വ്യോമാക്രമണം നടത്തി.
അധിനിവേശം അവസാനിപ്പിക്കാനും സൈന്യത്തെ പിൻവലിക്കാനുമുള്ള ആവശ്യം ഇറാഖ് തള്ളുകയും നയതന്ത്ര മാർഗങ്ങള്‍ അടയുകയും ചെയ്തതോടെയാണ് സഖ്യസേന രംഗത്തിറങ്ങിയത്.
ഓപറേഷൻ ഡെസേർട്ട് സ്റ്റോമിന്റെ ആദ്യ ദിവസം രൂക്ഷമായ ആക്രമണമാണ് സഖ്യസേന നടത്തിയത്. ഇറാഖി വ്യോമസേനയുടെ പകുതിയോളം ഇതോടെ നശിപ്പിക്കപ്പെട്ടു. ഇറാഖിലെയും കുവൈത്തിലെയും ഇറാഖി സൈറ്റുകള്‍ക്കും സേനക്കുമെതിരെ യു.എസ് വിമാനവാഹിനിക്കപ്പലുകള്‍ മിസൈലാക്രമണവും ആരംഭിച്ചു.
യു.എസ് എഫ്-17 വിമാനം ബാഗ്ദാദിലെ നിരവധി ലക്ഷ്യങ്ങള്‍ ആക്രമിക്കുകയും ഇറാഖി ആശയവിനിമയ ശൃംഖല തകർക്കുകയും ചെയ്തു. ബ്രിട്ടീഷ് ടൊർണാഡോ ബോംബർമാർ ഇറാഖി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടു. ഫ്രഞ്ച്, ഇറ്റാലിയൻ ജെറ്റ് ഫൈറ്ററുകള്‍ ഇറാഖി മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ തകർത്തു. ഇറാഖിന്റെ ടി.വി, റേഡിയോ കെട്ടിടങ്ങളും ആക്രമിച്ചു. ഇതേസമയം കുവൈത്ത് പോരാളികള്‍ കുവൈത്തിനുള്ളിലെ ഇറാഖി ലക്ഷ്യങ്ങള്‍ ആക്രമിച്ചു.
സഖ്യസേനയുടെ രൂക്ഷമായ ആക്രമണത്തില്‍ പതറിപോയ ഇറാഖ് ഫെബ്രുവരി 22ന് യു.എൻ മേല്‍നോട്ടത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ കുവൈത്തില്‍നിന്ന് സേനയെ പിൻവലിക്കാനുള്ള സോവിയറ്റ് യൂനിയൻ നിർദേശം ഇറാഖ് അംഗീകരിച്ചു.
എന്നാല്‍ യു.എസ് അത് നിരസിക്കുകയും കുവൈത്തില്‍നിന്ന് പൂർണമായി പിൻവാങ്ങുകയോ കര ഓപറേഷൻ നേരിടുകയോ ചെയ്യണമെന്ന് ഇറാഖി സേനക്ക് 24 മണിക്കൂർ അന്ത്യശാസനം പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് കുവൈത്ത് നഗരങ്ങളിലും തെക്കൻ ഇറാഖിലും സഖ്യസേന കര ഓപറേഷൻ ആരംഭിച്ചു.
ഫെബ്രുവരി 26 ന്, പുലർച്ച ഇറാഖി സൈന്യം കുവൈത്തില്‍നിന്ന് പിൻവാങ്ങാൻ തുടങ്ങി. 1,800 ജെറ്റ് ഫൈറ്ററുകള്‍ 1,700 ഹെലികോപ്ടറുകള്‍, ആറ് വിമാനവാഹിനിക്കപ്പലുകള്‍, 500,000 സൈനികർ എന്നിങ്ങനെ സഖ്യസേനയില്‍ യു.എസ് പ്രധാന പങ്കുവഹിച്ചു. 200,000 അറബ് സൈന്യവും 30,000ഉം 13,000 ഉം ബ്രിട്ടീഷ്, ഫ്രഞ്ച് സൈന്യവും കുവൈത്ത് വിമോചനത്തിന്റെ ഭാഗമായി.