ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത് ഒഴിവാക്കാന്‍ കരട് തയ്യാറാക്കി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍

ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത് എടുത്തുകളയാന്‍ കരട് തയ്യാറാക്കി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍. 49 വര്‍ഷങ്ങള്‍ക്ക് മുമ്ബ് 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍ കൊലചെയ്യപ്പെട്ടത്.

വിലാപദിനമായി ആചരിക്കുന്ന ഈ ദിവസം രാജ്യത്ത് അവധി ദിനമാണ്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജിബുര്‍ റഹ്‌മാന്‍. അവധി ഒഴിവാക്കുന്നത് സംബന്ധിച്ച്‌ ഔദ്യോഗികമായി ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പ്രഖ്യാപനത്തിന് മുന്നോടിയായി ക്രമസമാധാന പാലനത്തിനായി ബംഗ്ലാദേശിലുടനീളം അധിക പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കും. ദേശീയ ദിനം എടുത്തുകളയാന്‍ തീരുമാനമെടുക്കുന്നതിനിടെ ഓഗസ്റ്റ് 15ന് മുജിബുര്‍ റഹ്‌മാന്റെ ചിത്രത്തിന് മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അവാമി ലീഗ് പാര്‍ട്ടി അം?ഗങ്ങള്‍.

ദേശീയ ദിനം മാറ്റുന്നതിന് പുറമെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുകൊണ്ടുവന്ന തീരുമാനങ്ങളും സംവിധാനങ്ങളും ഉടച്ചുവാര്‍ക്കാനാണ് ഇടക്കാല സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് പൊലീസിന്റെ യൂണിഫോമില്‍ മാറ്റം വരുത്തും. പൊലീസ് യൂണിഫോമിന്റെ ഭാഗമായ ബോട്ടിന്റെ ലോഗോയാണ് മാറ്റുക. അവാമി ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയാണ് ഈ ലോഗോ. യൂണിഫോമില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് 10 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ലോഗോയും യൂണിഫോമും സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *