ഒളിമ്ബിക്സ് പിതാവിന്റെ രചനകള്‍ അറബ് വായനക്കാരിലേക്കും

ആധുനിക ഒളിമ്ബിക്‌സിന്റെ പിതാവെന്നറിയപ്പെടുന്ന പിയറി ഡി കൂബർട്ടിന്റെ രചനകളെ അറബ് വായനക്കാരിലെത്തിക്കുന്നതിന്റെ ഭാഗമായി വിവർത്തനഗ്രന്ഥം പുറത്തിറക്കി ഖത്തർ മ്യൂസിയം.

പാരിസ് ഒളിമ്ബിക്സിനോടനുബന്ധിച്ച്‌ ഖത്തർ മ്യൂസിയം അവതരിപ്പിക്കുന്ന ‘ഒളിമ്ബിസം-മോർ ദാൻ എ ഡ്രീം’ എന്ന തലക്കെട്ടില്‍ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ടീം ഖത്തറിന് നല്‍കിയ സ്വീകരണത്തിനിടെയാണ് ഫ്രഞ്ച് ഭാഷയില്‍നിന്ന് വിവർത്തനം ചെയ്ത പിയറി ഡി കൂബർട്ടിൻ: ടെക്സ്റ്റസ് ചോയിസിസ് എന്ന പുസ്തകം പുറത്തിറക്കിയത്.

ഖത്തർ മ്യൂസിയം ചെയർപേഴ്‌സണ്‍ ശൈഖ അല്‍ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ ആല്‍ഥാനി, ഖത്തർ ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആൻ ബിൻ ഹമദ് ബിൻ ഖലീഫ ആല്‍ഥാനി, ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്‌സണും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആല്‍ഥാനി, 3-2-1 ഖത്തർ ഒളിമ്ബിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം ഡയറക്ടർ അബ്ദുല്ല യൂസുഫ് അല്‍ മുല്ല തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.

ഖത്തർ മ്യൂസിയം പുറത്തിറക്കിയ പിയറി ഡി കുബർട്ടിൻ രചനകള്‍ അടങ്ങിയ പുസ്തകം

ശൈഖ് ജൂആൻ, ശൈഖ ഹിന്ദ് എന്നിവർ സംസാരിച്ചു. പിയറി കൂബർട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ പ്രത്യേക ചലച്ചിത്രത്തിന്റെ പ്രദർശനവും ചടങ്ങില്‍ സംഘടിപ്പിച്ചു. പിയറി ഡി കൂബർട്ടിന്റെ പേരമകളും കൂബർട്ടിൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റുമായ അലക്‌സാന്ദ്ര ഡി നവസെല ഡി കൂബർട്ടിനാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഖത്തർ മ്യൂസിയം, 3-2-1 ഖത്തർ ഒളിമ്ബിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം, ഖത്തർ ഒളിമ്ബിക് കമ്മിറ്റി, അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പുസ്തകം അറബിയിലേക്ക് വിവർത്തനം ചെയ്തതും പുറത്തിറക്കിയതും. ഇൻ-ക്യൂ വെബ്‌സൈറ്റ് വഴിയും ഖത്തർ മ്യൂസിയത്തിന് കീഴിലുള്ള ഗിഫ്റ്റ് ഷോപ്പുകള്‍ വഴിയും പുസ്തകം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *