അമേരിക്കയുടെ പ്രസിഡന്റ് താനായിരുന്നുവെങ്കില്‍ യൂറോപ്പിലും മധ്യപൗരസ്ത്യദേശത്തും ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്.ഹമാസ് ഇസ്രയേലിനെ ഒരിക്കലും ആക്രമിക്കാൻ അനുവദിക്കില്ലായിരുന്നുവെന്നും റഷ്യ-ഉക്രെയ്ൻ യുദ്ധം താൻ അവസാനിപ്പിക്കുമെന്നും റിപ്പബ്ലിക്കൻ പാർടിയുടെ തെരഞ്ഞെടുപ്പ് കണ്‍വൻഷനില്‍ ട്രംപ് പറഞ്ഞു.തന്റെ ഭരണകാലത്ത് ഇറാൻ സമസ്ത മേഖലകളിലും തകർച്ചയെ അഭിമുഖീകരിക്കുകയായിരുന്നു. എന്നാല്‍, ബൈഡൻ ഭരണകൂടം ഉപരോധങ്ങളില്‍ ഇളവ് വരുത്തിയതോടെ അവർ വീണ്ടും ശക്തി പ്രാപിച്ചു. നിലവില്‍ ഇറാന്റെ കൈവശം 25,000 കോടി ഡോളറുണ്ട്. താൻ വീണ്ടും അധികരാത്തിലെത്തിയാല്‍ ഇറാന്റെ വളർച്ചക്ക് അറുതിവരുത്തും. ചൈനയോ മറ്റ് രാജ്യങ്ങളോ ഇറാനുമായി വ്യാപാരം നടത്തിയാല്‍ അവർക്ക് യുഎസുമായി വ്യപാരബന്ധമുണ്ടാവില്ലെന്ന് അറിയിക്കുകയാണെന്നും ട്രംപ് പറഞ്ഞു.ഡെമോക്രാറ്റുകള്‍ അമേരിക്കയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷ തന്നെ അവർ അപകടത്തിലാക്കി. അതിനെല്ലാം താൻ പരിഹാരമുണ്ടാക്കും. തന്റെ ഭരണകാലത്ത് അമേരിക്കയുടെ ഭാവി എന്നത്തേക്കാളും ശോഭയുള്ളതായിരിക്കുമന്നും അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും ട്രംപ് പറഞ്ഞു. തനിക്ക് കീഴില്‍ സംഘർഷങ്ങള്‍ ഉണ്ടാകില്ല. ഒരൊറ്റ ഫോണ്‍ കോളിലൂടെ തനിക്ക് യുദ്ധങ്ങള്‍ അവസാനിപ്പിക്കാൻ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു.ഡെമോക്രാറ്റുകള്‍ നീതിന്യായ സംവിധാനത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. തനിക്കെതിരെ കേസുകളെടുത്തത് രാഷ്ട്രീയപ്രേരിതമായാണ്. രാഷ്ട്രീയഎതിരാളികളെ ജനാധിപത്യത്തിന്റെ ശത്രുക്കളായാണ് ബൈഡൻ ഭരണകൂടം പരിഗണിക്കുന്നതെന്നും ട്രംപ് പറഞ്ഞു. നിയമവിരുദ്ധമായ കുടിയേറ്റം അനവസാനിപ്പിക്കുമെന്ന് ട്രംപ് കണ്‍വൻഷനില്‍ ഊന്നിപ്പറഞ്ഞു. ആളുകള്‍ രാജ്യത്തേക്ക് വരുന്നത് നിയമപരമായിരിക്കണമെന്നും അനധികൃത കുടിയേറ്റം അവസാനിപ്പിക്കാതെ അമേരിക്കയ്ക്ക് രക്ഷയില്ലെന്നും ട്രംപ് പറഞ്ഞു.പെൻസില്‍വാനിയയിലെ വെടിവെപ്പില്‍ മരിച്ചയാള്‍ക്കും പരിക്കേറ്റവർക്കും വേണ്ടി തന്റെ അനുയായികള്‍ 6.3 മില്യണ്‍ ഡോളർ സ്വരൂപിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. വെടിവെപ്പില്‍ മരിച്ച പാർടി പ്രവർത്തകന് വേണ്ടി തന്റെ 90 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ട്രംപ് മൗനം ആചരിക്കുകയും ചെയ്തു.