ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിക്കും. ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ച ഇന്ന് രാജ്യസഭയില്‍ തുടങ്ങും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ഇന്നവതരിപ്പിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും തീരുമാനം നാളത്തേക്ക് മാറ്റുകയായിരുന്നു. ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ച ഇന്ന് നടക്കും.
ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ല. പകരം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചര്‍ച്ചക്ക് തുടക്കമിടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രസംഗിക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കളും സംസാരിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടേക്കും. 2034 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പുകള്‍ കൂടി നടത്താനാണ് ബില്ല് നിര്‍ദേശിക്കുന്നത്.
പല സംസ്ഥാനങ്ങളിലേയും നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുന്നതിനാല്‍ ബില്ലിനെതിരേ ശക്തമായ പ്രതിഷേധം ഇപ്പോള്‍ തന്നെയുണ്ട്. ആദ്യ ഘട്ടത്തില്‍ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും, പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതിനാല്‍ എന്‍ഡിഎയ്ക്ക് തനിച്ച് ബില്‍ പാസ്സാക്കിയെടുക്കാനാകില്ല.