ഒരു കാലത്ത് രജനിയോടൊപ്പം 16 സിനിമകളില്‍ അഭിനയിച്ചു, ഇനിയുണ്ടാകില്ല; വെളിപ്പെടുത്തി കമല്‍ഹാസൻ

തമിഴകത്തെ രണ്ട് സൂപ്പർസ്റ്റാറുകളാണ് രജനികാന്തും കമല്‍ഹാസനും. പ്രായം വെറും സംഖ്യയില്‍ ഒതുങ്ങി നില്‍ക്കുന്നതാണെന്ന് തെളിയിച്ച തരത്തിലാണ് ഇരുവരും ഇപ്പോഴും വെളളിത്തിരയില്‍ ജൈത്രയാത്ര തുടരുന്നത്.

16ഓളം സിനിമകളില്‍ രജനികാന്തും കമല്‍ഹാസനും ഒരുമിച്ച്‌ വേഷമിട്ടു. അപൂർവരാഗങ്ങള്‍, 16വയതിനിലേ, അവള്‍ അപ്പാടിത്താൻ, ഇളമൈ ഊഞ്ഞാല്‍ അടുകിറത്ത്, തില്ലു മുളളു, നിനൈത്താലേ ഇനിക്കും എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

അമിതാഭ് ബച്ചൻ നായകനായെത്തി 1985ല്‍ തീയേറ്ററുകളിലെത്തിയ ‘ഗെരാഫ്താർ’ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച്‌ അഭിനയിച്ചത്.എന്നാല്‍ സൂപ്പർസ്റ്റാർ പദവികളിലെത്തിയതിനുശേഷം താരങ്ങള്‍ ഒരുമിച്ച്‌ സിനിമകളില്‍ എത്തിയിട്ടില്ലയെന്നതും ശ്രദ്ധേയമാണ്. എപ്പോഴും രജനികാന്തും കമല്‍ഹാസനും സൗഹൃദം കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. തിരക്കുകളിലാണെങ്കില്‍ പോലും ഒരുമിച്ച്‌ പൊതുപരിപാടികളില്‍ എത്താനും ഇരുവരും മറക്കാറില്ല.

അടുത്തിടെ രജനികാന്തിനൊപ്പം ഭാവിയില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നതിനെക്കുറിച്ച്‌ കമല്‍ഹാസൻ തുറന്നുപറഞ്ഞിരുന്നു. ‘ഞങ്ങളുടെ കോമ്ബിനേഷൻ പുതിയതല്ല. ഒരുമിച്ച്‌ ഒരുപാട് സിനിമകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷമാണ് ഒരുമിച്ച്‌ അഭിനയിക്കണ്ടെന്ന് തീരുമാനിച്ചത്. ഞങ്ങള്‍ രണ്ട് മത്സരാർത്ഥികളെ പോലെയല്ല. ഞങ്ങളുടെ ഗുരുനാഥൻ തമിഴ് സിനിമാ സംവിധായകനായിരുന്ന കെ ബാലചന്ദറാണ്. എവിടെയായാലും മത്സരമുണ്ട്. പക്ഷെ അത് അസൂയയല്ല. രണ്ടും വ്യത്യസ്ത പാതകളാണ്. ഒരിക്കലും മോശമായ പരാമർശങ്ങള്‍ ഞങ്ങള്‍ രണ്ട് പേരും നടത്തിയിട്ടില്ല’- കമല്‍ഹാസൻ പറഞ്ഞു.

ബോളിവുഡ് പ്രേക്ഷകർ തന്നെ അംഗീകരിച്ചതിനെക്കുറിച്ചും താരം പറഞ്ഞു. പ്രേക്ഷകർ അവരില്‍ ഒരാളായി എന്നെ കണ്ടതില്‍ ഭാഗ്യവാനാണെന്നും കമല്‍ഹാസൻ പ്രതികരിച്ചു. താരത്തിന്റെ പുതിയ ചിത്രമായ ഇന്ത്യൻ 2ന്റെ ഹിന്ദിയിലെ ട്രെയിലർ ലോഞ്ചിംഗ് സമയത്തായിരുന്നു പ്രതികരണം.1981ല്‍ റിലീസ് ചെയ്ത എക് ദുയുജെ കെ ലിയേ എന്ന ചിത്രത്തിലൂടെയാണ് കമല്‍ഹാസൻ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. ബാലചന്ദർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ മാരോ ചരിത്രയുടെ ഹിന്ദി റീമേക്കായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *