ഒരുവര്‍ഷത്തിനിടെ പൊലിഞ്ഞത് 15 ജീവൻ; കുരുതിക്കളമായി പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത

ഒരുവർഷത്തിനിടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പൊലിഞ്ഞത് 15 ജീവൻ. നിർമാണം പൂർത്തിയായി വാഹനങ്ങള്‍ സുഗമമായി കടന്നുപോകാൻ തുടങ്ങിയതുമുതല്‍ അമിത വേഗത കാരണം കുരുതിക്കളമായിരിക്കുകയാണ് സംസ്ഥാന പാത.

കുടുംബത്തിലെ നാലുപേർ മുറിഞ്ഞകല്ലില്‍ അപകടത്തില്‍ മരണപ്പെട്ടതാണ് അവസാന സംഭവം.

ശനിയാഴ്ച നിയന്ത്രണംവിട്ട കാർ ഇപ്പോള്‍ അപകടം നടന്നതിന്റെ തൊട്ടടുത്ത സ്ഥലമായ നെടുമണ്‍കാവില്‍ പിക്‌അപ് വാനിന് പിന്നില്‍ ഇടിച്ചിരുന്നു. കലഞ്ഞൂരില്‍ അയ്യപ്പഭക്തരുടെ വാഹനം കത്തിനശിക്കുകയും വകയാറില്‍ കാർ നിയന്ത്രണംവിട്ട് ഇടിച്ച്‌ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും കൂടലില്‍ ഓട്ടോറിക്ഷ ഇടിച്ച്‌ ഒരാള്‍ മരിക്കുകയും ചെയ്തത് കഴിഞ്ഞ ഞായറാഴ്ചയാണ്. അശ്രദ്ധയും അമിത വേഗതയും അപകടകാരണമാകുന്നുണ്ട്.

കുമ്ബഴ മുതല്‍ കലഞ്ഞൂർ വരെ സംസ്ഥാന പാതയുടെ കോന്നി റീച്ചില്‍ നടന്ന അപകടങ്ങളില്‍ പത്തോളം പേരാണ് മരണപ്പെട്ടത്. പാതയിലെ പരമാവധി വേഗത 70 കിലോമീറ്ററാണെന്ന് നിർമാണം പൂർത്തിയാക്കിയ കെ.എസ്.ടി.പി അധികൃതർ പറയുന്നു. എന്നാല്‍, ഇരുചക്ര വാഹനങ്ങളടക്കം കോന്നിയില്‍കൂടി കടന്നുപോകുന്നത് ഇതിലും ഉയർന്ന വേഗതയിലാണ്. വാഹനങ്ങളുടെ വേഗത കുറക്കുന്നതിനാവശ്യമായ നടപടിയും ഇല്ല. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും അനവധിയാണ്.

മാമൂട്, ചിറ്റൂർ മുക്ക്, ഇളകൊള്ളൂർ, മല്ലശ്ശേരിമുക്ക്, മുറിഞ്ഞകല്‍, കൊല്ലൻപടി, നെടുമണ്‍കാവ്, ഇഞ്ചപ്പാറ, കലഞ്ഞൂർ തുടങ്ങി വിവിധ ഇടങ്ങളില്‍ അപകടങ്ങള്‍ ദിനേന വർധിക്കുകയാണ്. റോഡില്‍ പലയിടത്തും വീതി കുറവുള്ളത് അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തർ അടക്കം കോന്നി വഴിയാണ് കടന്നുവരുന്നത്. ഇടക്കിടെ പെയ്യുന്ന മഴമൂലം വാഹനങ്ങളുടെ ടയറുകള്‍ തെന്നിമാറുന്നതും അപകടം വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *