ഒമാൻ 54ാം ദേശീയ ദിനാഘോഷം

വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച വികസനങ്ങളെ അടയാളപ്പെടുത്തി ഒമാൻ തിങ്കളാഴ്ച 54ാം ദേശീയ ദിനം ആഘോഷിക്കും.

ആധുനിക ഒമാന്റെ ശില്‍പിയായ അന്തരിച്ച സുല്‍ത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്.

അല്‍ സമൗദ് ക്യാമ്ബിലെ സൈനിക പരേഡ് ഗ്രൗണ്ടിലാണ് ഈ വർഷത്തെ സൈനിക പരേഡ് നടക്കുക. ചടങ്ങില്‍ സുല്‍ത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കും. സുല്‍ത്താൻ അധികാരമേറ്റതിനു ശേഷമുള്ള നാലാമത്തെ സൈനിക പരേഡാണ് ഈ വർഷം നടക്കാൻ പോകുന്നത്.

റോയല്‍ ഒമാൻ എയർഫോഴ്സ്, റോയല്‍ നേവി ഓഫ് ഒമാൻ, റോയല്‍ ഗാർഡ് ഓഫ് ഒമാൻ, സുല്‍ത്താന്‍റെ പ്രത്യേക സേന, റോയല്‍ ഒമാൻ പൊലീസ്, റോയല്‍ കോർട്ട് അഫയേഴ്സ്, റോയല്‍ കാവല്‍റി, റോയല്‍ ഗാർഡ് കാവല്‍റി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.

ആഘോഷങ്ങള്‍ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ദേശീയ ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറല്‍ അറിയിച്ചു. ദേശീയദിനം പ്രമാണിച്ച്‌ സുല്‍ത്താന് മന്ത്രിമാരും വിവിധ രാഷ്ട്ര നേതാക്കളും ആശംസകള്‍ നേർന്നു. തന്റെ മുന്‍ഗാമിയായ സുല്‍ത്താന്‍ ഖാബൂസിന്‍റെ പാത പിന്‍പറ്റി രാജ്യത്തെ ആധുനിക ലോകത്തോടൊപ്പം സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന പ്രേത്നത്തിലാണ് ഹൈതം ബിൻ താരിഖ്.

രാജ്യത്തിന്‍റെ പ്രധാന മനുഷ്യവിഭവമായ യുവതയെ പരിഗണിച്ചും ദുർബല വിഭാഗങ്ങളെ ചേർത്തും പിടിച്ചും രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനുള്ള പദ്ധതികളാണ് ഒരുക്കി കൊണ്ടിരിക്കുന്നത്. രാജ്യത്തിന്‍റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് തിരിച്ചറിഞ്ഞ സുല്‍ത്താൻ അവരെ കൂടി പരിഗണിക്കുന്ന നൂതനമായ പരിഷ്കാരങ്ങളും പദ്ധതികളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാൻ ദിവസങ്ങള്‍ക്ക് മുമ്ബുതന്നെ നാടും നഗരവും ഒരുങ്ങിയിരുന്നു. അതിന്‍റെ ഭാഗമായി ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങളും വൈദ്യുത വിളക്കുകള്‍കൊണ്ടും വീടുകളും ഓഫിസുകളും പാതയോരങ്ങളും അലങ്കരിച്ചിട്ടുണ്ട്. മസ്കത്ത് അടക്കമുള്ള നിരവധി നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങള്‍ വർണ പ്രഭ ചൊരിയാൻ തുടങ്ങി. ഒമാൻ ദേശീയ പതാകയുടെ നിറമായ പച്ച, വെള്ള ചുവപ്പ് എന്നീ വർണത്തിലുള്ള വിളക്കുകളാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്.

ദേശീയ ദിനത്തിന്‍റെ ഭാഗമായുള്ള പൊതുഅവധി നവംബര്‍ 20, 21 തീയതികളിലാണ്. വാരാന്ത്യ ദിനങ്ങള്‍ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറാഴ്ച പ്രവൃത്തി ദിവസം ആരംഭിക്കും.

സാമ്ബത്തിക മേഖലയില്‍ കുതിപ്പ്

ആഗോള സാമ്ബത്തിക വെല്ലുവിളികള്‍ക്കിടയിലും സാമൂഹികവും സാമ്ബത്തികവുമായ മേഖലകളിലും സാമ്ബത്തിക പ്രകടനത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാൻ സുല്‍ത്താനേറ്റിനായി.

എല്ലാ സ്ഥാപനങ്ങള്‍ക്കും അവരെ ഏല്‍പ്പിച്ച ജോലികള്‍ മെച്ചപ്പെടുത്തുന്നത് തുടരാനും എല്ലാ തലങ്ങളിലെയും പ്രകടന നിലവാരം ഉയർത്തുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സുല്‍ത്താൻ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

വിഷൻ 2040ന്‍റെ ലക്ഷ്യങ്ങളില്‍ വിവിധ വിജയങ്ങള്‍ കൈവരിക്കുന്നതിന് ശ്രദ്ധേയമായ രീതിയില്‍ സംഭാവന നല്‍കുന്നതില്‍ ഇത് അഗാധമായ സ്വാധീനമാണ് ചെലുത്തിയത്.

സർക്കാരിന് സാമ്ബത്തികമായ പ്രകടനം മെച്ചപ്പെടുത്താനും കടം കുറക്കാനും മൊത്ത ആഭ്യന്തര ഉല്‍പാദനം വർധിപ്പിക്കാനും കഴിഞ്ഞു. 2024 ആഗസ്റ്റ് അവസാനംവരെയുള്ള രാജ്യത്തിന്‍റെ പൊതുവരുമാനം 8,106 ദശലക്ഷം റിയാലാണ്. 2023ലെ ഇതേ കാലയളവിലെ 7,923 ദശലക്ഷം റിയാലുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏകദേശം183 ദശലക്ഷം റിയാലിന്റെ വർധനവാണുണ്ടായിരിക്കുന്നത് .

രാജ്യത്തിന്‍റെ പൊതുബജറ്റില്‍ ഈ വർഷം ആഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം ഏകദേശം 447 ദശലക്ഷം റിയാലാണ് മിച്ചം കൈവരിച്ചത്. റിട്ടയർമെന്‍റ്, ഫണ്ടുകള്‍ ലയിപ്പിക്കല്‍, ആനുകൂല്യങ്ങള്‍ പുനഃക്രമീകരിക്കല്‍ എന്നിവയിലൂടെ സാമൂഹിക സംരക്ഷണ സംവിധാനം ആരംഭിക്കുന്നതിനു പുറമേ, 2021ലെ 20.8 ശതകോടി റിയാലുമായി താരതമ്യപ്പെടുത്തുമ്ബോള്‍, ഈ വർഷത്തിന്റെ മൂന്നാം പാദത്തിന്‍റെ അവസാനത്തോടെ 14.4 ശതകോടി റിയാലായി പൊതുകടം കുറയുകയും ചെയ്തു.

2021ലെ പൊതുകടത്തിന്‍റെ ജി.ഡി.പിയുടെ അനുപാതം 62.3 ശതമാനത്തില്‍നിന്ന് 2024 മധ്യത്തോടെ 35 ശതമാനമായി കുറക്കുന്നതിനും 2022, 2023 വർഷങ്ങളില്‍ യഥാക്രമം 2.7 ശതമാനവും 2.2 ശതമാനവും രേഖപ്പെടുത്തി തുടർച്ചയായ വർഷങ്ങളില്‍ ബജറ്റ് മിച്ചം കൈവരിക്കുന്നതിലും ഒമാൻ വിജയിച്ചു.

സുരക്ഷിത നിക്ഷേപ അന്തരീക്ഷം

ആഗോള എണ്ണവിലയിലുണ്ടായ ഇടിവിന്‍റെയും കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ക്കുശേഷം സുല്‍ത്താനേറ്റില്‍ സുരക്ഷിതമായ നിക്ഷേപ അന്തരീക്ഷമാണെന്ന് റേറ്റിങ്ങുകള്‍ സൂചിപ്പിക്കുന്നു. ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തിറക്കിയ 2024ലെ സാമ്ബത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഒമാൻ 39 റാങ്കുകള്‍ ഉയർത്തി ആഗോളതലത്തില്‍ 56ാം സ്ഥാനത്താണ്. 2023ല്‍ 95-ാം സ്ഥാനത്തായിരുന്നു.

സംരംഭകത്വ സൂചികയില്‍, 2022-2023ലെ റാങ്കിങില്‍നിന്ന് 27 സ്ഥാനങ്ങള്‍ മുന്നേറി 11 സ്ഥാനത്തെത്താനും സാധിച്ചു. പരിസ്ഥിതി പ്രകടന സൂചികയില്‍ ആഗോളതലത്തില്‍ 50ാ സ്ഥാനത്താണ് ഒമാൻ. കഴിഞ്ഞ വർഷമിത് 149ആയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍, സുല്‍ത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി സർവ്വകലാശാലകളുടെ ആഗോള റാങ്കിങില്‍ 362ാ സ്ാഥാനം കൈവരിച്ചു. മുൻ റാങ്കിങ്ങില്‍നിന്ന് 92 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്.

വികസന പദ്ധതികള്‍

ഈ വർഷത്തിന്‍റെ തുടക്കത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഏറ്റവും തന്ത്രപ്രധാനമായ പദ്ധതികളിലൊന്നാണ് ദുകം പ്രത്യേക സാമ്ബത്തിക മേഖലയിലെ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇൻഡസ്ട്രീസ് പദ്ധതി. ഒമാനും കുവൈത്തും തമ്മിലുള്ള ഏറ്റവും വലിയ സംയുക്ത നിക്ഷേപ പദ്ധതിയാണിത്. ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇന്‍റർനാഷനല്‍ കമ്ബനിയും തമ്മിലുള്ള സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്.

പുനരുപയോഗ ഊർജ മേഖലയില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാനും ഒമാന് കഴിഞ്ഞു. 1,000 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള മന സൗരോർജ്ജ പദ്ധതി, 500 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ഇബ്രി സോളാർ എനർജി പ്ലാന്‍റ് പദ്ധതി, ബർക സോളാർ എനർജി, തെക്കൻ ബത്തിന ഗവർണറേറ്റില്‍ 500 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതി, 100 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള അമീൻ സോളാർ എനർജി പ്ലാന്‍റ്, 100 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള സുഹാർ സോളാർ എനർജി പദ്ധതി, 50 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ദോഫാർ വിൻഡ് എനർജി പ്ലാന്‍റ് പ്രോജക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതാണ് .

ടൂറിസം രംഗത്തും ഉണർവ്

2023ല്‍ 40 ലക്ഷം വിനോദ സഞ്ചാരികളാണ് ഇവിടുത്തെ ആതിഥേയത്വം തേടിയെത്തിയത്. 2022നെ അപേക്ഷിച്ച്‌ 36.7 ശതമാനത്തിന്റെ വർധനാവാണുണ്ടായിരിക്കുന്നത്.

ഈ വർഷത്തിന്‍റെ ആദ്യ പകുതിയില്‍ സുല്‍ത്താനേറ്റിലേക്ക് വന്ന സന്ദർശകരുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷമായിട്ടുണ്ട്. ഏകദേശം 3.2 ശതമാനത്തിന്റെ ഉയർച്ചയാണ് സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 34,378 മുറികള്‍ ഉള്‍പ്പെടെ രാജ്യത്ത് 895 ഹോട്ടലുകളുമുണ്ട്. 14, 800, 000 ചതുരശ്ര മീറ്റർ വിസ്തീർണ്മുള്ള ഒമാനിലെ ഒരു സംയോജിത നഗരമെന്ന നിലയില്‍ സുല്‍ത്താൻ ഹൈതം സിറ്റി പ്രോജക്റ്റും വികസനത്തിന് ആക്കം കൂട്ടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *