ഒമാനിലെ ചിലയിടങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മുസന്ദം, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും ദാഖിലിയ ഗവർണറേറ്റിന്റെയും ഹജർ പർവതനിരകളുടെയും ഭാഗങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. മിക്ക ഗവർണറേറ്റുകളിലും ഭാഗികമായി മേഘാവൃതമായ ആകാശമാണുള്ളതെന്നും ഇന്ന് രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറഞ്ഞു.
അല്‍ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും ഒമാൻ കടല്‍ തീരത്തിന്റെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. മൂടല്‍മഞ്ഞും മഴയും കാരണം ദൂരക്കാഴ്ച കുറയാനിടയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് സൗത്ത് ബാത്തിന ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലും ഇന്ന് ഗവണ്‍മെൻറ്, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അല്‍ ഖബൂറ, അല്‍ സുവൈഖ്, നോർത്ത് ബാത്തിന, ബർക വിലായത്ത്, അല്‍ മുസന്ന എന്നിവിടങ്ങളിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും ഡിസംബർ 26 വ്യാഴാഴ്ച ഓണ്‍ലൈൻ ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മഴ പ്രവചിക്കപ്പെട്ടതിത്തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായാണ് ഗവണ്‍മെൻറ്, സ്വകാര്യ സ്‌കൂളുകളില്‍ ഇന്ന് രാവിലെ വിദൂര പഠനം കൊണ്ടുവന്നത്.
എല്ലാ ക്ലാസുകളും വിദൂര പഠനത്തിലേക്ക് മാറുന്നതായാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.