അടുത്ത മേധാവി വരുന്നത് വരെ ഹലേവി അദ്ദേഹത്തിന്റെ പദവി നിര്‍വഹിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി
ടെല്‍ അവീവ്: 15 മാസത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമായതിന് പിന്നാലെ രാജി പ്രഖ്യാപനവുമായി ഇസ്രയേല്‍ സൈനിക മേധാവി. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ച്ച് ആറിന് രാജി വെക്കുമെന്ന് സൈനിക മേധാവി ഹെര്‍സി ഹലേവി പറഞ്ഞു. ഒക്ടോബര്‍ ഏഴിന് മുന്നോടിയായി ഇസ്രയേല്‍ പ്രതിരോധ സേനയുടെ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സുരക്ഷാ വെല്ലുവിളികളിലുള്ള ഐഡിഎഫിന്റെ സന്നദ്ധത ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സിന് ഹലേവി രാജിക്കത്ത് കൈമാറി. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ഐഡിഎഫിന് സാധിച്ചില്ലെന്ന് ഹലേവി കത്തില്‍ പറയുന്നു. ഇത്രയും വലിയ പരാജയത്തിലുള്ള തന്റെ ഉത്തരവാദിത്തം ഓരോ ദിവസവും ഓരോ മണിക്കൂറിലും തന്നെ വേട്ടയാടുന്നുവെന്നും ജീവിതാവസാനം വരെ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 40 വര്‍ഷമായി ഇസ്രയേല്‍ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഹലേവി. അതേസമയം ഹലേവിക്ക് ശേഷം ആരായിരിക്കും സൈനിക മേധാവിയെന്നത് വ്യക്തമല്ല.
ഹലേവിയുടെ രാജിക്കത്ത് സ്വീകരിച്ച കട്‌സ് ഇസ്രയേല്‍ സേനയ്ക്ക് ഹലേവി നല്‍കിയ സംഭാവനകള്‍ക്ക് നന്ദി അറിയിച്ചു. അടുത്ത മേധാവി വരുന്നത് വരെ ഹലേവി അദ്ദേഹത്തിന്റെ പദവി നിര്‍വഹിക്കുമെന്നും കട്‌സ് പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഹലേവിയുടെ രാജി അംഗീകരിച്ചു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന് പിന്നാലെ നിരവധി സൈനിക ഉദ്യോഗസ്ഥര്‍ രാജിവെച്ചിരുന്നു. നിലവില്‍ സൈന്യത്തിന്റെ ദക്ഷിണ കമാന്‍ഡര്‍ മേജര്‍-ജനറല്‍ യാരോണ്‍ ഫിങ്കല്‍മാനും രാജി പ്രഖ്യാപിച്ചിട്ടുണ്ട്