ഐ.സി.എഫ് രണ്ടുകോടിയുടെ സഹായം നല്‍കും

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കെടുതികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രണ്ടുകോടി രൂപയുടെ പുനരധിവാസ പദ്ധതി ഒരുക്കുമെന്ന് ഐ.സി.എഫ് ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ അറിയിച്ചു.

നൂറുകണക്കിന് പേരുടെ ജീവനെടുക്കുകയും ആയിരങ്ങള്‍ക്ക് കിടപ്പാടമടക്കം നഷ്ടമാവുകയും ചെയ്ത ദുരന്തത്തില്‍ സഹജീവികളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമാണ് പദ്ധതികള്‍. കേരള സര്‍ക്കാറുമായി ചേർന്ന് മാതൃ സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന പുനരധിവാസ പദ്ധതികളാണ് ഐ.സി.എഫ് ഏറ്റെടുക്കുക.

ദുരന്തത്തിന്റെ വ്യാപ്തി പഠിച്ച്‌ ഏത് തരത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതെന്ന് പരിശോധിക്കും. തുടര്‍ന്ന് ഇതിനായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യും. വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രഥമ പരിഗണനയിലുള്ളത്.

ഐ.സി.എഫിന്റെ വിവിധ ഘടകങ്ങള്‍ ഇതിന് ആവശ്യമായ സമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.മുന്‍കാലങ്ങളില്‍ പ്രവാസ ലോകത്തും കേരളത്തിലുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഐ.സി.എഫിന് കീഴില്‍ നടപ്പിലാക്കിയ നിരവധി ദുരിതാശ്വാസ പദ്ധതികളുടെയും അവശ്യ സേവനങ്ങളുടെയും മാതൃകകള്‍ പിന്തുടര്‍ന്നാണ് പുനരധിവാസ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുക. 2018ലെ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട ധാരാളം ആളുകള്‍ക്ക് ഐ.സി.എഫ് വീട് നിർമിച്ചു നല്‍കിയിട്ടുണ്ട്.

കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരവും ഫീല്‍ഡ് പഠനത്തിന്റെ അടിസ്ഥാനത്തിലും ഓക്സിജൻ പ്ലാന്റ് ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ ഐ.സി.എഫ് ഏറ്റെടുക്കുകയും സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സാധാരണക്കാരായ പ്രവാസികളുടെ അകമഴിഞ്ഞ സഹായത്താലാണ് ഇവയെല്ലാം സാധ്യമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പിന്തുണ പൊതുസമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുകയാണ്.

ചൂരല്‍മല, മുണ്ടക്കൈ മണ്ണിടിച്ചില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ പൂര്‍ണ സഹായം ലഭ്യമാക്കാനും മനുഷ്യസാധ്യമായ എല്ലാ വഴികളിലൂടെയും ദുരിതബാധിതരെ സഹായിക്കാനും കേന്ദ്ര, കേരള സര്‍ക്കാറുകള്‍ മുന്നോട്ടുവരണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ദുരന്തമുഖത്ത് സേവനം ചെയ്യുന്ന ഇന്ത്യൻ ആർമി, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരെയും ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *