ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസൺ താരലേലം കഴിഞ്ഞ ദിവസമാണ് നടന്നത്. സൗദിയിലെ ജിദ്ദയിൽ വച്ചാണ് മെഗാലേലം നടന്നത്. നൂറുകണക്കിന് താരങ്ങളാണ് ലേലത്തിൽ മാറ്റുരച്ചത്. പത്ത് ടീമുകളും ഇഷ്‌ടതാരങ്ങൾക്ക് വേണ്ടി രംഗത്ത് ഇറങ്ങിയപ്പോൾ അത് നിയന്ത്രിച്ചത് ഒരു വനിതയാണ്. ഇത് ആദ്യമായല്ല, കഴിഞ്ഞ സീസണിലെ താരലേലം മുതലാണ് മല്ലിക സാഗർ എന്ന വനിത ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന് ചുക്കാൻ പിടിക്കുന്നത്.
അഞ്ഞൂറിലധികം താരങ്ങൾ പങ്കെടുത്ത ലേലം രണ്ട് ദിവസമായി നടന്നപ്പോൾ അതിലെ ശ്രദ്ധാ കേന്ദ്രമായി മാറിയത് മല്ലിക സാഗർ തന്നെയായിരുന്നു. കൃത്യമായ പരിഗണന പങ്കെടുത്ത ടീമുകൾക്ക് നൽകി കൊണ്ട്, ചിന്തിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനുമുള്ള അവസരം അവർക്ക് അനുവദിച്ചുകൊണ്ട് ലേല നടപടികൾ സുഗമമായി നടത്തികൊണ്ട് പോവുന്നതിൽ പ്രധാന പങ്കുവഹിച്ചത് മാല്ലിക സാഗർ തന്നെയായിരുന്നു.
കഴിഞ്ഞ സീസൺ മുതലാണ് ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി ലേല നടപടികൾ നിയന്ത്രിക്കുന്ന വനിത എന്ന റെക്കോർഡ് നേട്ടത്തോട് കൂടി മല്ലിക സാഗർ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന്റെ ചുമതല ഏറ്റെടുത്തത്. ഇത്തവണ സൗദിയായിരുന്നു വേദി എന്ന പ്രത്യേകത മാത്രമാണ് ഉണ്ടായിരുന്നത്.
ആരാണ് മല്ലിക സാഗർ?
മുംബൈയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബത്തില്‍ ജനിച്ച മല്ലിക ഫിലാഡല്‍ഫിയയിലെ ബ്രിന്‍ മോര്‍ കോളേജില്‍നിന്ന് ആര്‍ട്ട് ഹിസ്‌റ്ററിയില്‍ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ മല്ലിക സാഗർ അറിയപ്പെടുന്ന ഒരു ആര്‍ട്ട് കളക്‌ടർ കൂടിയാണ്. വിഖ്യാത ഓക്ഷന്‍ ഹൗസായ ക്രിസ്‌റ്റീസിലൂടെയായിരുന്നു അവർ തന്റെ കരിയർ ആരംഭിച്ചത്.
തന്റെ 26-ാം വയസിൽ ക്രിസ്‌റ്റീസിലെ ആദ്യ ഇന്ത്യൻ ലേലക്കാരിയായി മാറിയ മല്ലിക കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് മറികടന്നിരുന്നു. ആർട്ട് ഗ്യാലറികളിൽ ലേലത്തിൽ നിന്ന് പതിയെ കായിക മേഖലയിലേക്ക് ചുവടുമാറ്റിയ വ്യക്തിത്വമായിരുന്നു അവരുടേത്. ഐപിഎല്ലിന് മുൻപ് തന്നെ അവർ കായിക മേഖലയിലേക്ക് കൂടുമാറിയിരുന്നു
പ്രോ കബഡി ലീഗ്, വുമണ്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയവയുടെ ലേല നടപടികളാണ് അവർ നിയന്ത്രിച്ചത്. 2021-ല്‍ പ്രോ കബഡി ലീഗിലൂടെയാണ് കായിക ലേല മേഖലയിലേക്ക് അവര്‍ ചുവടുമാറ്റം നടത്തിയത്. നിലവിൽ രണ്ട് സീസണുകളിലായി അവരാണ് ഐപിഎൽ മെഗാലേലം നിയന്ത്രിക്കുന്നത്. നേരത്തെ ഐപിഎൽ താരലേലം നിയന്ത്രിച്ചിരുന്ന ഹ്യുഹ് എഡ്മീഡ്‌സ് പിന്മാറിയതോടെയാണ് മല്ലികയ്ക്ക് അവസരം കൈവന്നത്.
നിലവിൽ രണ്ട് സീസണുകളിലായി ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ ഒരു കോടീശ്വരിയാണ് എന്ന് പറയുന്നതിൽ അത്ഭുതമില്ല. എന്നാൽ പലരും പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ഇവരുടെ സാമ്പത്തിക നില എന്നത്. നിലവിൽ മല്ലിക സാഗറിന്റെ ആസ്‌തി 15 മില്യൺ ഡോളർ അഥവാ 125 കോടിയോളം രൂപയാണ്. എന്നാൽ അവർ ഓരോ സീസണിലും പ്രതിഫലമായി കൈപ്പറ്റുന്ന തുക ഇപ്പോഴും അജ്ഞാതമാണ്.