ഏകദിനത്തില്‍ ചരിത്രമെഴുതി സ്‌മൃതി മന്ദാന; സ്വന്തമാക്കിയത് റെക്കോര്‍ഡുകളുടെ പെരുമഴ

രാജ്കോട്ട്: വനിതാ ഏകദിനത്തില്‍ പുത്തൻ റെക്കോർഡുമായി സ്മൃതി മന്ദാന. അയർലാൻഡിനെതിരെയുള്ള മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ വനിതാ ഏകദിന ക്രിക്കറ്റില്‍ 4,000 റണ്‍സ് പൂർത്തിയാക്കാനാണ് സ്മൃതിക്ക് സാധിച്ചത്.അയർലാൻഡിനെതിരെ സ്മൃതി 29 പന്തില്‍ 41 റണ്‍സാണ് നേടിയത്. സ്മൃതിയുടെ ഈ നേട്ടത്തിന് മറ്റൊരു പ്രേത്യകത കൂടിയുണ്ട്. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 4000 റണ്‍സ് നേടുന്ന ഇന്ത്യൻ താരമായി മാറാനാണ് സ്മൃതിക്ക് സാധിച്ചത്. 95 ഇന്നിംഗ്സുകളില്‍ നിന്നുമാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്.

മാത്രമല്ല മുൻ ഇന്ത്യൻ താരം മിതാലി രാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് സ്മൃതി. മിത്തലി രാജ് 112 ഇന്നിങ്സുകളില്‍ നിന്നുമാണ് 4000 റണ്‍സ് നേടിയത്. ഇതിന് പുറമെ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി മാറാനും സ്മൃതിക്ക് സാധിച്ചു.

ഓസ്ട്രേലിയൻ താരങ്ങളായ ബെലിൻഡ ക്ലാർക്ക്, മെഗ് ലാനിംഗ് എന്നിവരാണ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് നേടിയ താരങ്ങള്‍. ബെലിൻഡ 86 മത്സരങ്ങളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ മെഗ് ലാനിംഗ് 87 മത്സരങ്ങളില്‍ നിന്നും ഈ നേട്ടത്തിലെത്തി.

മത്സരത്തില്‍ സ്മൃതിക്ക് പുറമെ പ്രതീക റാവല്‍ 96 പന്തില്‍ 89 റണ്‍സും തേജല്‍ ഹസബ്നിസ് 46 പന്തില്‍ നിന്നും 53 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ക്കാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 34.3 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *