എൻ.ആര്‍.സിക്ക് അപേക്ഷിച്ചില്ലെങ്കില്‍ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ നിരസിക്കും -അസം സര്‍ക്കാര്‍

അപേക്ഷകനോ കുടുംബമോ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എൻ.ആർ.സി) ഉള്‍പ്പെടാൻ അപേക്ഷിച്ചിട്ടില്ലെങ്കില്‍ ആധാർ കാർഡ് ലഭിക്കുന്നതിനുള്ള എല്ലാ അപേക്ഷകളും നിരസിക്കപ്പെടുമെന്ന് അസം സർക്കാർ.

പ്രശ്‌നബാധിതരായ ബംഗ്ലാദേശിലെ പൗരന്മാരുടെ നുഴഞ്ഞുകയറ്റ ശ്രമം കണക്കിലെടുത്താണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

“കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി നുഴഞ്ഞുകയറ്റക്കാരെ അസം പൊലീസും ത്രിപുര പൊലീസും ബി.എസ്.എഫും പിടികൂടിയിട്ടുണ്ട്. അതുകൊണ്ടാണ് ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ആശങ്കയുണ്ടാക്കുന്നത്. അതുകൊണ്ടാണ് ആധാർ കാർഡ് കർശനമാക്കാൻ ഞങ്ങള്‍ തീരുമാനിച്ചത്” -അദ്ദേഹം പറഞ്ഞു.

ഇനി മുതല്‍, ആധാർ അപേക്ഷകരുടെ വെരിഫിക്കേഷൻ നടത്തുന്നതിനുള്ള നോഡല്‍ ഏജൻസി സംസ്ഥാന സർക്കാറിന്‍റെ പൊതുഭരണ വകുപ്പായിരിക്കുമെന്നും എല്ലാ ജില്ലകളിലും ഒരു അഡീഷണല്‍ ജില്ലാ കമീഷണർ ബന്ധപ്പെട്ട വ്യക്തിയായിരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ശർമ പറഞ്ഞു.

പ്രാരംഭ അപേക്ഷക്ക് ശേഷം, യുനീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അത് സംസ്ഥാന സർക്കാറിന് പരിശോധനക്കായി അയക്കും. അപേക്ഷകരോ മാതാപിതാക്കളോ കുടുംബമോ എൻ.ആർ.സിയില്‍ ഉള്‍പ്പെടുത്താൻ അപേക്ഷിച്ചിട്ടുണ്ടോ എന്ന് ആദ്യം ലോക്കല്‍ സർക്കിള്‍ ഓഫിസർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ആർ.സിക്ക് അപേക്ഷ ഇല്ലെങ്കില്‍, ആധാർ അപേക്ഷ ഉടൻ നിരസിക്കുമെന്നും അതനുസരിച്ച്‌ കേന്ദ്രത്തിന് റിപ്പോർട്ട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എൻ.ആർ.സിക്ക് അപേക്ഷയുണ്ടെന്ന് കണ്ടെത്തിയാല്‍, സുപ്രീം കോടതി നിർദ്ദേശപ്രകാരം ഫീല്‍ഡ് ലെവല്‍ വെരിഫിക്കേഷൻ നടത്തും. ഉദ്യോഗസ്ഥന് പൂർണമായി ബോധ്യപ്പെട്ടതിന് ശേഷം ആധാറിന് അംഗീകാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും എൻ.ആർ.സിക്ക് അപേക്ഷിക്കാത്തവരുമായ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ പുതിയ നിർദ്ദേശം ബാധകമാകില്ലെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *