സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് തടയാനുള്ള ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില് ആര്.എസ്.എസുകാരനായ അഭിഭാഷകന് അംഗമായത് വിവാദമായി.
ഒടുവില് എസ്.പി ഇടപെട്ട് പരാതി പരിഹാര സെല് റദ്ദാക്കി.
ആര്.എസ്.എസ് അനുകൂല അഭിഭാഷക സംഘടനാ നേതാവ് കെ.ജെ മനുവിനെ ഉള്പ്പെടുത്തിയതാണ് വിവാദമായത്. അഭിഭാഷകന്റെ ആര്.എസ്.എസ് പശ്ചാത്തലവും ഇദ്ദേഹത്തിനെതിരായ കേസുകളും ഉയര്ത്തിക്കാട്ടി ഇടത് സംഘടനകള് രംഗത്തുവന്നതോടെയാണ് കമ്മിറ്റി റദ്ദാക്കിയത്. തുടര്ന്ന് പുതിയ കമ്മിറ്റിയുണ്ടാക്കി ജില്ലാ പൊലിസ് മേധാവി വി.ജി വിനോദ് കുമാര് വിവാദത്തില് നിന്ന് തടിയൂരി.
ആര്.എസ്.എസ് അനുകൂല സംഘടനയായ അഭിഭാഷക പരിഷത്ത് ജില്ലാ ട്രഷററാണ് കെ.ജെ മനു. ഇയാളുടെ അനുഭവ സമ്ബത്താണ് കമ്മിറ്റിയില് ഉള്പ്പെടുത്താന് പരിഗണിച്ചതെന്നാണ് പൊലിസിന്റെ വാദം. എന്നാല് ഇദ്ദേഹം മുമ്ബ് നിരവധി കേസുകളില് പ്രതിയായിരുന്നുവെന്ന് ഇടത് അഭിഭാഷക സംഘടനകള് ആരോപിച്ചിരുന്നു. കമ്മിറ്റി രൂപീകരണം സേനയ്ക്കുള്ളിലും വിവാദമായതോടെയാണ് എസ്.പി പുതിയ ഉത്തരവിറക്കിയത്. എന്നാല് താന് ആര്.എസ്.എസുകാരനാണെന്ന് അറിഞ്ഞുതന്നെയാണ് തന്നെ എസ്.പി ഓഫിസില് നിയമിച്ചതെന്ന് കെ.ജെ മനു പറഞ്ഞു.
സോഷ്യല്മീഡിയയില് സംഘ്പരിവാര് ആശയങ്ങള് പങ്കുവയ്ക്കുന്നയാളാണ് മനു.