സംസ്ഥാനത്തെ എല്‍ പി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസത്തിനായി ‘ഹെല്‍ത്തി കിഡ്സ്’ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.
ശിവൻകുട്ടി പറഞ്ഞു. എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത ഹെല്‍ത്തി കിഡ്സ് പദ്ധതി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രണ്ട് പുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. എല്‍.പി വിഭാഗത്തിലെ കുട്ടികള്‍ക്ക് നിലവിലെ ടൈംടേബിള്‍ പ്രകാരം ആഴ്ചയില്‍ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് മൂന്ന് പീരീഡുകളാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിന് എല്‍.പി വിഭാഗത്തിലെ അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കായികാധ്യാപകരുടെയും, മറ്റു വിദഗ്ധരുടെയും നേതൃത്വത്തില്‍ പരിശീലനം നല്‍കും.
എല്‍.പി വിഭാഗത്തിലെ എല്ലാ അധ്യാപകർക്കും രണ്ടുമാസം കൊണ്ട് പരിശീലനം പൂർത്തീകരിക്കും. ഉപജില്ല തലത്തില്‍ തിരഞ്ഞെടുത്ത ഒരു കായികാധ്യാപകന് പദ്ധതിയുടെ ചുമതല നല്‍കുകയും പദ്ധതി പുരോഗതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിലയിരുത്തുകയും ചെയ്യും. ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുത്തു വിദഗ്ധരും കായിക അധ്യാപകരും ഉള്‍ക്കൊള്ളുന്ന കമ്മിറ്റി പദ്ധതി പുരോഗതി ജില്ലാതലത്തില്‍ വിലയിരുത്തും. സംസ്ഥാനതലത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത വിദഗ്ധരെയും കായികാധ്യാപകരേയും ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ചായിരിക്കും ഹെല്‍ത്തി കിഡ്സ് പദ്ധതി നടപ്പാക്കുക. ഹെല്‍ത്തി കിഡ്സ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങള്‍ എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശിന് നല്‍കി മന്ത്രി വാർത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്തു.