ചുണ്ടേല്‍ ടൗണില്‍ അതിരാവിലെയെത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരിലൊരാളായിരുന്നു കൊല്ലപ്പെട്ട നവാസ്. എപ്പോള്‍ വിളിച്ചാലും ഓടിയെത്തുന്ന നാട്ടുകാർക്ക് പ്രിയപ്പെട്ട ഓട്ടോക്കാരൻ.
വന്യമൃഗശല്യമുള്ള പ്രദേശങ്ങളിലടക്കം രാപകല്‍വ്യത്യാസമില്ലാതെ നവാസിന്റെ ഓട്ടോറിക്ഷ ഓടിയിട്ടുണ്ട്.
തിങ്കളാഴ്ചയും പതിവുപോലെ അതിരാവിലെ നവാസ് ഓട്ടോറിക്ഷയുമായി സ്റ്റാൻഡിലെത്തിയിരുന്നു. പക്ഷേ, ആളെയെടുക്കാനായിപ്പോയ ഓട്ടം അന്ത്യയാത്രയായി.
ഓട്ടോത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ചുണ്ടേല്‍ ടൗണ്‍ കമ്മിറ്റി അംഗവുമായിരുന്നു. നവാസ് എത്ര പ്രിയപ്പെട്ടവനായിരുന്നു എന്നറിയാൻ കബറടക്കത്തിനെത്തിയ ആള്‍ക്കൂട്ടംമാത്രം മതി.
ചൊവ്വാഴ്ച വൈകീട്ട് നവാസിന്റെ കബറടക്കത്തിനുശേഷം പ്രതികള്‍ക്കെതിരേ പ്രതിഷേധവുമുയർന്നു. പ്രതികളുടെ പിതാവിന്റെ മജ്ലിസ് ഹോട്ടലും അടിച്ചുതകർത്തിരുന്നു.
പോലീസിനും അഭിനന്ദനം
നവാസ് കൊല്ലപ്പെട്ടതിന്റെ സങ്കടത്തിലാണ് നാടുമുഴുവൻ. നാട്ടുകാർ ആദ്യമേ സംശയിച്ച പ്രതികളെ പിടികൂടിയതുമാത്രമാണ് ആശ്വാസം. നാടിന്റെ സംശയം ഗൗരവത്തിലെടുത്ത് പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ അറസ്റ്റുചെയ്തതിന് പോലീസിനെയും അഭിനന്ദിക്കുകയാണ് നാട്ടുകാർ.
തുടക്കത്തില്‍ വൈത്തിരി എസ്.ഐ. പി. റഫീഖും സംഘവുമാണ് കേസ് അന്വേഷിച്ചത്. വൈത്തിരി ഇൻസ്പെക്ടർ എം. വിശ്വംഭരനാണ് മുന്നോട്ടുള്ള അന്വേഷണച്ചുമതല.