എന്തുകൊണ്ട് ജാതി സര്‍വേ നടത്തുന്നില്ല ‘; കേരളത്തോട് ചോദ്യവുമായി സുപ്രീംകോടതി

ജാതി സര്‍വേ എന്തുകൊണ്ട് നടത്തുന്നില്ല എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അവ ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് മറുപടി നല്‍കി കേരളം.

‘മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ്’ ചെയര്‍മാനായ വി കെ ബീരാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യവും കേരളത്തിന്റെ ഉത്തരവും.

കേരളത്തില്‍ പിന്നാക്ക സംവരണം ലഭിക്കുന്നത് അര്‍ഹതപ്പെട്ടവര്‍ക്കാണോ എന്നറിയാനായി, സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ജാതി സര്‍വേ കേരളം എന്തുകൊണ്ട് നടത്തുന്നില്ല എന്നതായിരുന്നു സുപ്രീം കോടതി ചോദിച്ചത്. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ജാതി സര്‍വേ നടത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍ അല്ല കേന്ദ്രസര്‍ക്കാര്‍ ആണെന്നായിരുന്നു കേരളത്തിന്റെ മറുപടി.

കഴിഞ്ഞ 75 വര്‍ഷമായി സംസ്ഥാനത്തെ പിന്നാക്ക സംവരണ പട്ടിക പുതുക്കിയിട്ടില്ലെന്നും, അതുമൂലം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഒരു വിഭാഗത്തിന് മാത്രമാണെന്നും ഹാരിസ് ബീരാന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം സാധൂകരിക്കാന്‍ കൃത്യമായ കണക്ക് വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന് കേരളം ജാതി സര്‍വേ നടത്തുന്നില്ല എന്നായിരുന്നു ഹാരിസ് ബീരാന്റെ മറുപടി. വിഷയത്തില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടെങ്കിലും, കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ഇന്ദിര സാഹ്നി കേസിലെ സുപ്രീം കോടതി വിധിയെയും ഹാരിസ് ബീരാന്‍ പരാമര്‍ശിച്ചു. സംവരണ പട്ടിക കൃത്യമായി പുതുക്കണമെന്നും, പിന്നാക്ക അവസ്ഥ മറികടന്നവരെ മാറ്റി, പുതിയ ആളുകളെ ചേര്‍ക്കണമെന്നുമാണ് ആ വിധി. ഈ നിര്‍ദേശം കേരളം നടപ്പിലാക്കുന്നില്ലെന്നും ഹാരിസ് ബീരാന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *