മലപ്പുറം: പുതിയ നിയമസഭാ തെരഞ്ഞെടുപ്പും മറ്റും വരാനിരിക്കെ കോണ്‍ഗ്രസിന്റെ സാമുദായിക സമവാക്യങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്ക് പ്രധാന്യമേറുന്നു.
എന്‍എസ്‌എസിനും എസ്‌എന്‍ഡിപിയ്ക്കും പിന്നാലെ ഇസ്‌ളാമിക സംഘടനകളുടെ യോഗത്തിലേക്കും രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം. ജനുവരി 4 ന് നടക്കുന്ന ജാമിയ നൂരിയ സമ്മേളന വേദിയിലേക്കാണ് രമേശ് ചെന്നിത്തലയ്ക്ക് ഇടം ലഭിച്ചിരിക്കുന്നത്.
ജാമിയ നൂരിയ സമ്മേളനത്തിലെ ഒരു സെഷന്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം കെ മുനീര്‍ അധ്യക്ഷനാകുന്ന സെഷന്‍ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേതാവ് എന്ന നിലയില്‍ മുസ്‌ളീംലീഗിന്റെ പിന്തുണ കൂടി ഉറപ്പാക്കാന്‍ രമേശ് ചെന്നിത്തലയ്ക്കാകും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളാണ് ജാമിയയുടെ പ്രസിഡന്റ്. അതുകൊണ്ടു തന്നെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ലീഗ് നേതൃത്വത്തിന്റെ താല്‍പ്പര്യത്തെ സൂചിപ്പിക്കുന്ന കാര്യമായി കൂടി പ്രാധാന്യം നേടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഈ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ വിഡി സതീശന് ക്ഷണമുണ്ടായില്ല. നേരത്തെ മന്നംജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ എന്‍എസ്‌എസും ശിവഗിരി തീര്‍ത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുപ്പിച്ച് എസ്‌എന്‍ഡിപിയും രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു.