പ്രീമിയർ ലീഗ് ചാമ്ബ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോള്‍ കീപ്പർ എഡേഴ്സണ്‍ ക്ലബ് വിടാൻ ശ്രമിക്കുകയാണ്. എഡേഴ്സ്ണായി നേരത്തെ സൗദി അറേബ്യൻ ക്ലബായ അല്‍ നസർ വൻ ഓഫർ വെച്ചിരുന്നു.
30 മില്യണ്‍ ട്രാൻസ്ഫർ ഫീയുള്ള ആ ഓഫർ പക്ഷെ മാഞ്ചസ്റ്റർ സിറ്റി നിരസിച്ചതോടെ താരത്തിന്റെ ഭാവി എന്താകും എന്നത് അനിശ്ചിതത്വത്തില്‍ ആയിരുന്നു. സിറ്റി 50 മില്യണ്‍ എങ്കിലും കിട്ടിയാല്‍ മാത്രമേ എഡേഴ്സണെ വില്‍ക്കുകയുള്ളൂ എന്നാണ് പറയുന്നത്.
ഇപ്പോള്‍ എഡേഴ്സണായി സൗദി ക്ലബ് ആയ അല്‍ ഇത്തിഹാദ് കൂടെ രംഗത്ത് വന്നിരിക്കുകയാണ്. അവരോടും സിറ്റി 60 മില്യണാണ് ചോദിക്കുന്നത്. അല്‍ ഇത്തിഹാദ് അടുത്ത ദിവസങ്ങളില്‍ ഒരു ഓഫർ സമർപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
2017മുതല്‍ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് എഡേഴ്സണ്‍. ബെൻഫികയില്‍ നിന്നായിരുന്നു എഡേഴ്സണ്‍ സിറ്റിയിലേക്ക് എത്തിയത്. താരത്തിന് ഇനിയും രണ്ട് വർഷത്തെ കരാർ സിറ്റിയില്‍ ബാക്കിയുണ്ട്.
പ്രീമിയർ ലീഗില്‍ മൂന്ന് ഗോള്‍ഡൻ ഗ്ലോവും താരത്തിന് സ്വന്തമായുണ്ട്. സിറ്റിക്ക് ഒപ്പം ഇംഗ്ലണ്ടിലെ എല്ലാ കിരീടങ്ങള്‍ നേടാനും താരത്തിനായി. ആകെ 17 കിരീടങ്ങള്‍ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നേടി.