എഡിഎമ്മിന്റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുകയാണെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പ്രതികരിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

രക്തക്കറ കണ്ടെത്തിയ സംഭവം ഗൗരവതരമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എഡിഎമ്മിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് പുതിയ വാര്‍ത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്‌ഐആറിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തക്കറയെ പറ്റി പരാമര്‍ശമില്ലാത്തത് സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ല. ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ നടന്നുവെന്നത് ഇതോടെ വ്യക്തമാണ്. ഉന്നത ഇടപെടല്‍ നടന്നതിനാല്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം പ്രഹസനമാകും.

സിബിഐ അന്വേഷണത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും സര്‍ക്കാരും എതിര്‍ക്കുന്നത് മടിയില്‍ കനമുള്ളത് കൊണ്ടാണ്. നവീന്‍ ബാബുവിന്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. സിബിഐ അന്വേഷണം നടന്നാല്‍ മാത്രമേ നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *