വാല്‍പ്പാറയില്‍ എ.ടി.എം. കാർഡില്‍ തിരിമറി നടത്തി പണം തട്ടിയ പ്രതി അറസ്റ്റില്‍. ചേർത്തല സ്വദേശി നജീബാണ് (36) വാല്‍പ്പാറ പോലീസിന്റെ പിടിയിലായത്.
നല്ലമുടി എസ്റ്റേറ്റിലെ മുരുകമ്മാള്‍ നല്‍കിയ പരാതിയിലാണ് നടപടി. ടൗണിലെ എ.ടി.എം. സെന്ററില്‍ പണമെടുക്കാൻ ചെന്ന മുരുകമ്മാള്‍ അവിടെ നിന്നിരുന്ന നജീബിനോട് പണം എടുത്തുതരാമോ എന്നുചോദിച്ചു. എ.ടി.എം. കാർഡും പിൻനമ്ബറും നജീബിന്റെ കൈവശം നല്‍കി. തുടർന്ന്, നജീബ് കാർഡ് ഉപയോഗിച്ച് ബാലൻസ് പരിശോധിച്ചു. നിലവില്‍ പണമെടുക്കാനാവില്ലെന്ന് മുരുകമ്മാളിനെ അറിയിച്ചു. പക്ഷേ, യഥാർഥ കാർഡിനുപകരം മറ്റൊരു കാർഡാണ് തിരികെ നല്‍കിയത്.
കുറച്ചുസമയത്തിനുശേഷം അക്കൗണ്ടില്‍നിന്ന് 9,000 രൂപ പിൻവലിച്ചതായി മുരുകമ്മാളിന് സന്ദേശം ലഭിച്ചു. ഇതോടെ, ഇവർ വാല്‍പ്പാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡി.എസ്.പി. ശ്രീനി, ഇൻസ്പെക്ടർ ആനന്ദകുമാർ എന്നിവരുടെ നേതൃത്വത്തില്‍ സി.സി.ടി.വി. കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
മറ്റൊരു എ.ടി.എമ്മില്‍ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇയാളില്‍നിന്ന് 5,290 രൂപ, 44 എ.ടി.എം. കാർഡുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവ പിടികൂടി. പ്രതി പ്രായമുള്ളവരെ കബളിപ്പിച്ച് കേരളത്തിലും തമിഴ്നാട്ടിലും എ.ടി.എം. തട്ടിപ്പുനടത്തുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.
സമാനതട്ടിപ്പില്‍ എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്.