പറവൂർ എക്സൈസ് സർക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെടാമംഗലം പെരുമ്ബോടത്ത് വട്ടംതാട്ടില്‍ വി.എസ്. ഹനീഷിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കെടാമംഗലം വടക്കുംമുറി കൃഷ്ണകൃപയില്‍ രാഗേഷ് (33), എട്ടിയോടം മണപ്പാട്ടില്‍ ഫിറോസ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതില്‍ രാഗേഷ് അനധികൃത മദ്യവില്‍പ്പന നടത്തിയ കേസില്‍ നേരത്തേ രണ്ടുതവണ എക്സൈസിന്റെയും പോലീസിന്റെയും പിടിയിലായിട്ടുള്ള ആളാണ്. ഞായർ ദിവസത്തെ വില്‍പ്പന ലക്ഷ്യമിട്ട് രാവിലെ പറവൂർ നഗരത്തിലെ െബവറജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റില് രാഗേഷ് മദ്യം വാങ്ങാൻ എത്തിയിരുന്നു. ഈ സമയം ഹനീഷും മറ്റൊരു ഉദ്യോഗസ്ഥനും ഇവിടെ പരിശോധനയ്ക്കുണ്ടായിരുന്നു. ഹനീഷിനെ കണ്ടതിനാല്‍ രാഗേഷിന് മദ്യം വാങ്ങാനായില്ല.
അനധികൃത മദ്യവില്‍പ്പനയെക്കുറിച്ച് പ്രിവന്റീവ് ഓഫീസർ ഹനീഷാണ് വിവരം നല്കുന്നതെന്നുള്ള വിരോധമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. അക്രമം നടത്തിയ ദിവസം രാഗേഷ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പറവൂർ എക്സൈസ് സർക്കിള്‍ ഓഫീസിന്റെ പരിസരത്ത് എത്തിയും ഹനീഷിനെ വെല്ലുവിളിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഹനീഷിന്റെ വീട്ടിലെത്തി കാർപോർച്ചില്‍ കിടന്നിരുന്ന കാറിന്റെ ബോണറ്റില്‍ വലിയ കല്ലുകൊണ്ട് ഇടിച്ച് കേടുവരുത്തി. വീടിനകത്തേക്ക് കല്ലുകള്‍ വലിച്ചെറിയുകയും ചെയ്തു. ശബ്ദംകേട്ട് പുറത്തുവന്ന ഹനീഷിന്റെ ഭാര്യ വീണയെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു. കല്ലേറില്‍ ഇവരുടെ കൈക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രി 11-നും തിങ്കളാഴ്ച പുലർച്ചെ ഒന്നിനു ശേഷവും സുഹൃത്തായ ഫിറോസിനെ കൂട്ടിയെത്തി ഹനീഷിന്റെ വീടിന്റെ രണ്ട് ജനല്‍ചില്ലുകള്‍ എറിഞ്ഞുതകർത്തു. കാറിന്റെ മുൻവശത്തെ ഗ്ലാസും എറിഞ്ഞുടച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി രാഗേഷിനെ പിടികൂടി. ഓടിരക്ഷപ്പെട്ട ഫിറോസിനെ തിങ്കളാഴ്ച രാവിലെയാണ് പിടികൂടിയത്. ഇതു സംബന്ധിച്ച് രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.