എകെജി സെന്റർ ആക്രമണ കേസില്‍ രണ്ടാംപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈർ ഷാജഹാനാണ് പിടിയിലായത്.
വിദേശത്തുനിന്നു ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കെ സുധാകരന്റെ അടുത്ത അനുയായി ആണ് സുഹൈല്‍ ഷാജഹാൻ. സംഭവത്തെ തുടർന്ന് ഒളിവില്‍ കഴിയവേ ആണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. എകെജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിയാൻ നിർദേശിച്ചത് സുഹൈല്‍ ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈല്‍ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവെക്കുകയായിരുന്നു. 2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിനു നേർക്കു ആക്രമണം ഉണ്ടാകുന്നത്. സംഭവം നടന്ന് രണ്ടുവർഷം പിന്നിടുമ്ബോളാണ് പ്രതിയുടെ അറസ്റ്റ്. നാലു പ്രതികളുള്ള കേസില്‍ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.