ഊട്ടിയിലേക്ക് പോകുന്നയാത്രക്കാർ ശ്രദ്ധിക്കുക.മാസ്ക‌് നിർബന്ധം..

ഗൂഡല്ലൂർ: ചെന്നൈയിലും ബംഗളൂരുവിലും എച്ച്.എം.പി.വി ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നീലഗിരി ജില്ലയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി. ജില്ലയിൽ പ്രവേശിക്കുന്ന ടൂറിസ്റ്റുകളും തദ്ദേശീയരും മാസ്ക് ധരിക്കണമെന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉത്തരവിട്ടു. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകാനും ശിപാർശ ചെയ്യുന്നു.
സംശയങ്ങൾക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപ്രതി സഹായ കേന്ദ്രം 934233053, ടോൾ ഫ്രീ നമ്പർ ഡി.ടി.എച്ച് 104 എന്നിവയിൽ ബന്ധപ്പെടാമെന്ന് കലക്‌ടർ വാർത്താ കുറിപ്പിൽ അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസ്സം എന്നിവയാണ് പൊതു ലക്ഷണങ്ങൾ. ജലദോഷത്തിന് സമാനമായാണ് വൈറസ് പകരുന്നത്. വൈറസ് ബാധയുള്ള പ്രതലങ്ങളിൽ സ്‌പർശിച്ച കൈകൾ കൊണ്ട് മൂക്കിലും മുഖത്തും സ്പർശിച്ചാലും രോഗം പകർന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗം ബാധിച്ചവർ ചുമക്കുകയോ തുമ്മുകയോ വഴി രോഗം പടരാം.
ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടുമുതൽ അഞ്ചുദിവസം കൊണ്ട് വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമാവും. ആർ.ടി-പി.സി.ആർ പരിശോധന വഴി എച്ച്.എം.പി.വിയെ തിരിച്ചറിയാം.
എച്ച്.എം.പി.വി വൈറസ് ബാധ പ്രതിരോധിക്കാനുള്ള നേരിട്ടുള്ള ചികിത്സ നിലവിൽ ഇല്ല. വൈറസിനെതിരായ വാക്‌സിനും ഇല്ല. ആൻ്റി വൈറൽ മരുന്നായ റിബവൈറിൻ ഫലപ്രദമാണെന്ന് ചില പഠനങ്ങളിൽ പറയുന്നുണ്ട്. ചില മരുന്ന് കമ്പനികൾ വാക്സിൻ വികസിപ്പിക്കുന്നുണ്ട്. നിലവിൽ വൈറസ് സ്ഥിരീകരിക്കുന്നവർക്ക് രോഗ ലക്ഷണങ്ങൾക്കുള്ള മരുന്ന് നൽകുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *