ഉലകനായകന് ഇന്ന് 70-ാം പിറന്നാള്‍

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 70-ാം പിറന്നാള്‍. 1954 നവംബര്‍ ഏഴിന് മദ്രാസിലാണ് താരത്തിന്റെ ജനനം.

പാര്‍ത്ഥസാരഥി ശ്രീനിവാസന്‍ എന്നാണ് കമലിന്റെ യഥാര്‍ഥ പേര്. കമല്‍ഹാസന്റെ പിതാവ് ഡി.ശ്രീനിവാസന്‍ ഒരു അഭിഭാഷകനും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നര്‍ത്തകന്‍, ഗായകന്‍ എന്നിങ്ങനെ കമല്‍ഹാസന്‍ കൈവയ്ക്കാത്ത മേഖലകള്‍ സിനിമയില്‍ ഇല്ല.

1960 ല്‍ ‘കളത്തൂര്‍ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെയാണ് കമല്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച്‌ 1990 ല്‍ പത്മശ്രീയും 2014 ല്‍ പത്മഭൂഷണും നല്‍കി കമലിനെ രാജ്യം ആദരിച്ചു. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ച് ഭാഷകളിലായി 20 ഫിലിം ഫെയര്‍ അവാര്‍ഡുകളും കമല്‍ കരസ്ഥമാക്കി. നായകന്‍, ഗുണാ, ഇന്ത്യന്‍, അവൈ ഷണ്‍മുഖി, ഹേയ് റാം, അന്‍പേ ശിവം, വേട്ടയാട് വിളയാട്, ദശാവതാരം, വിശ്വരൂപം എന്നീ സിനിമകളെല്ലാം ഇന്നും കമലിന്റെ ഏറ്റവും മികച്ച സിനിമകളായി വാഴ്ത്തപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

കമല്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ വിശ്വരൂപം ആണ്. മണിരത്‌നം ചിത്രം തഗ് ലൈഫ് ആണ് കമലിന്റെ വരാനിരിക്കുന്ന സിനിമ.

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെല്ലാം കമലിന്റെ അടുത്ത സുഹൃത്തുക്കളാണ്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. ഇരുവരും തമ്മില്‍ മൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ട്. മമ്മൂട്ടിക്ക് ഇപ്പോള്‍ 73 വയസ്സ് കഴിഞ്ഞു. മമ്മൂട്ടിയേക്കാളും കമല്‍ഹാസനേക്കാളും താഴെയാണ് മോഹന്‍ലാല്‍. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 64 വയസ്സാണ് മോഹന്‍ലാലിന്റെ പ്രായം.

Leave a Reply

Your email address will not be published. Required fields are marked *