കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും മനുഷ്യ ജീവനുകള്‍ക്കായി ആഹാരം പോലും കഴിക്കാതെയാണ് തിരച്ചില്‍ നടത്തുന്നത്.
അത് പോലെ സ്വന്തം ജീവൻ പണയം വച്ച് ദുരന്തഭൂമിയില്‍ നാവികസേനയും സജീവ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. 78 സേനാംഗങ്ങളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും മറ്റ് സേനാ വിഭാഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കൈമെയ് മറന്ന് അധ്വാനിക്കുന്നത്. സേനയുടെ ഹെലികോപ്ടറുകളും വയനാട്, നിലമ്ബൂര്‍ മേഖലകളില്‍ തിരച്ചില്‍, രക്ഷാ ദൗത്യങ്ങളില്‍ പങ്കെടുക്കുന്നു.
തിരച്ചിലിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനുമായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് നാവിക സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സംഘം പുഴയോരം കേന്ദ്രീകരിച്ച് തിരയുമ്ബോള്‍ മറ്റേ സംഘം മലയോര മേഖലയിലാണ് തിരച്ചില്‍ നടത്തുന്നത്. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുകയാണ് മറ്റൊരു സംഘത്തിന്‍റെ ചുമതല. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് ചൂരല്‍മലയില്‍ മെഡിക്കല്‍ പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
ബെയ് ലി പാലം നിര്‍മിച്ച ഇന്ത്യന്‍ സൈന്യത്തിലും നാവികസേനയുടെ പ്രാതിനിധ്യമുണ്ടായിരുന്നു. മൂന്ന് ഓഫിസര്‍മാരും 30 സേനാംഗങ്ങളുമാണ് ഈ ദൗത്യത്തില്‍ അണിചേര്‍ന്നത്. റോഡ് മാർഗം ദുരന്ത മേഖലയിലേക്ക് രക്ഷാ ഉപകരണങ്ങള്‍ സഹിതം എത്തിച്ചേരാൻ കഴിയാതിരുന്ന പൊലീസുകാരെ ഹെലികോപ്ടറില്‍ സേന ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു.
കാഴ്ച കുറവായ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനും സേനക്ക് കഴിഞ്ഞു. ഏഴിമലയിലെ ഐ.എന്‍.എസ് സമോറിനില്‍ നിന്നാണ് നാവികസേന പ്രവര്‍ത്തനങ്ങളുടെ ഏകോപനം.