ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയില്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും റോഡരികിലെ ജനജീവിതവും ദുരിതപൂർണമായി തുടരുകയാണ്.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് രാത്രിയില്‍ മൂടിയില്ലാത്ത കാനയില്‍ വീണതിനെ തുടർന്ന് യാത്രികരെ ഇറക്കിവിട്ടത് കഴിഞ്ഞദിവസം പുലർച്ചെ രണ്ടുമണിക്കാണ്. ചന്തിരൂർ സെൻറ് മേരീസ് പള്ളിക്ക് മുൻവശമുള്ള മൂടിയില്ലാത്ത കാനയില്‍ ബസിന്‍റെ മുൻചക്രങ്ങള്‍ കുടുങ്ങുകയായിരുന്നു. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസാണ് കാനയില്‍ കുടുങ്ങിയത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കി മറ്റ് ബസുകളില്‍ കയറ്റിവിട്ടു.
ദേശീയപാതയുടെ കരാർ കമ്ബനിയുടെ ക്രെയിൻ കൊണ്ടുവന്ന് ബസ് പൊക്കി ബുധനാഴ്ച രാവിലെയോടെയാണ് ബസ് കൊണ്ടുപോകാനായത്. ഉയരപ്പാത നിർമാണം ആരംഭിച്ച ശേഷം വലിയ വാഹനങ്ങള്‍ പോലും കാനയില്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്. ചന്തിരൂർ ഗവ. സ്കൂള്‍ മുതല്‍ കുമർത്തുപടി ക്ഷേത്രം വരെ ദേശീയപാതയോരത്ത് ഒന്നര കിലോമീറ്റർ മാത്രമുള്ള ഈ കാന നിറയെ മാലിന്യമടിഞ്ഞ് ഒഴുക്കുനിലച്ച് വെള്ളം കെട്ടിക്കിടക്കുകയാണ്. മൂടിയില്ലാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണം.