ഉപയോഗശൂന്യമായ കുളം പരിസരവാസികള്‍ക്ക് ദുരിതം

പായലും കുളവാഴയും അടിഞ്ഞുകൂടി ഉപയോഗശൂന്യമായ പെരുമ്ബാട്ട് കുളം പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു.

അരക്കിണർ മേഖലയിലെ ജനങ്ങളെ വരള്‍ച്ചയില്‍ നിന്നും രക്ഷിക്കുന്ന സുപ്രധാന ജലസ്രോതസ്സാണ് പെരുമ്ബാട്ടുകുളം. കോർപറേഷൻ ബേപ്പൂർ സോണല്‍ പരിധിയിലെ 52 ാം ഡിവിഷനില്‍ അരക്കിണർ ടൗണ്‍ സുന്നി ജുമുഅത്ത് പള്ളിയുടെ പിൻവശത്താണ് കുളം സ്ഥിതിചെയ്യുന്നത്. 2020ല്‍ പൊതു ജല സ്രോതസ്സുകള്‍ സംരക്ഷിച്ച്‌ നവീകരിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ ഹരിത കേരള മിഷൻ ‘തെളിനീർ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു. പുനരുദ്ധാരണ പദ്ധതികള്‍ നടപ്പിലാക്കിയ ജലസ്രോതസ്സുകളെ പരിപാലിച്ചു നിലനിർത്താൻ പദ്ധതികളില്ലാത്തതിനാല്‍ അവ വീണ്ടും നശിച്ച്‌ ദുഷിച്ചു നാറുകയാണ്.

ചളിയും മാലിന്യങ്ങളും നിറഞ്ഞതിനാല്‍ കുളം ഉപയോഗ രഹിതമായി. പുല്ലും പായലും വളർന്ന് വെള്ളം അഴുകിയ നിലയിലാണ്. ജനവാസ മേഖലയിലെ കുളത്തില്‍ മാലിന്യം കെട്ടിനില്‍ക്കുന്നത് സമീപവാസികള്‍ക്ക് ദുരിതമായി. അഴുകിയ വെള്ളക്കെട്ടില്‍ നിന്നും ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാണ്. പരിസരവാസികള്‍ സാംക്രമിക രോഗ ഭീതിയിലുമാണ്. വരള്‍ച്ചക്കാലത്ത് മേഖലയിലെ കിണറുകളില്‍ ജലവിതാനം താഴാതെ നിലനിർത്താൻ സഹായകമായ കുളം ശുചീകരിച്ചു സംരക്ഷിക്കാൻ കോർപറേഷന്റെ ഭാഗത്തുനിന്നും നടപടി വൈകുന്നതില്‍ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *