ഉപഭോക്താക്കള്‍ക്ക് ഇനി കുടുംബശ്രീ കേരള ചിക്കന്റെ ബ്രാൻഡഡ് മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും

ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസണ്‍ മൂല്യവർധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തി.

‘കുടുംബശ്രീ കേരള ചിക്കൻ’ ചിക്കൻ എന്ന ബ്രാൻഡില്‍ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോണ്‍ലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുള്‍ ചിക്കൻ എന്നീ ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിയത്.

ആദ്യഘട്ടത്തില്‍ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഉല്‍പന്നങ്ങള്‍ ലഭ്യമാവുക. ഇന്നലെ സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിക്ക് ഉല്‍പന്നങ്ങള്‍ കൈമാറി ലോഞ്ചിങ്ങ് നിർവഹിച്ചു.

കുടുംബശ്രീ കേരള ചിക്കൻ ബ്രോയ്‌ലർ ഫാർമേഴ്‌സ് കമ്ബനിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമില്‍ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡ്കട്‌സ് ഓഫ് ഇൻഡ്യയുടെ പ്ലാന്റിലെത്തിച്ച്‌ സംസ്‌ക്കരിച്ച്‌ പായ്ക്ക് ചെയ്യും. എല്ലാ ഉല്‍പന്നങ്ങളും 450, 900, അളവിലായിരിക്കും ലഭിക്കുക. കവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താല്‍ ഏതു ഫാമില്‍ വളർത്തിയ ചിക്കനാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനും കഴിയും. നിലവിലെ വിപണന മാർഗങ്ങള്‍ക്ക് പുറമേ ഭാവിയില്‍ ‘മീറ്റ് ഓണ്‍ വീല്‍’ എന്ന പേരില്‍ ഓരോ ജില്ലയിലും വാഹനങ്ങളില്‍ ശീതീകരിച്ച ചിക്കൻ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ലക്ഷ്യമിടുന്നു. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കൻ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വളരെ വിപുലമായ പ്രവർത്തനങ്ങള്‍ വിഭാവനം ചെയ്തതിൻറെ ഭാഗമായാണ് ചിക്കൻ മൂല്യവർധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്. ആഭ്യന്തര വിപണിയില്‍ ആവശ്യമായതിൻറെ പകുതിയെങ്കിലും ഉല്‍പാദിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് വരുമാനവർധനവും ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നു.

ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. നിലവില്‍ 11 ജില്ലകളിലായി 431 ബ്രോയ്‌ലർ ഫാമുകളും 139 ഔട്ട്‌ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. മൂല്യവർധിത ഉല്‍പന്ന നിർമാണവും വിപണനവും ഊർജിതമാകുന്നതോടെ കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ അവസരം കൈവരുമെന്നാണ് പ്രതീക്ഷ.

പരിപാടിയില്‍ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്‌.ദിനേശൻ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *