ഈ കലുങ്ക് അടിപ്പാതയാക്കുമോ…

റെയില്‍വേ സ്റ്റേഷന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള വേങ്ങ നിവാസികള്‍ക്കും ട്രെയിൻ യാത്രക്കാർക്കും സൗകര്യപ്രദമാകും എന്നതിനാലാണ് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നത്.

അടിപ്പാതക്കായുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഇവിടെയുണ്ട്. മുമ്ബ് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് വേങ്ങ തെക്ക് ഭാഗത്തേക്ക് പോകാൻ താല്‍കാലിക സൗകര്യം ഉണ്ടായിരുന്നു. ഇവിടെ ചങ്ങല ഉപയോഗിച്ച്‌ ഗതാഗതം തടഞ്ഞിരുന്നങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ റെയില്‍വേ ജീവനക്കാരെത്തി ചങ്ങല തുറന്ന് കൊടുത്ത് ഗതാഗത സൗകര്യം ഒരുക്കിയിരുന്നു.

പിന്നീട് ഗേറ്റ് സ്ഥാപിച്ചങ്കിലും ഉപയോഗപ്പെടുത്താതെ പിന്നീട് അടച്ചുപൂട്ടി. ഇതോടെ വേങ്ങ തെക്ക് ഭാഗത്തുള്ളവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകളിലേക്ക് പോകണമെങ്കില്‍ കിലോമീറ്ററുകളോളം ചുറ്റി തോപ്പില്‍മുക്ക് – കാരാളിമുക്ക് ഭാഗത്ത് കൂടി സഞ്ചരിക്കേണ്ട അവസ്ഥയാണ്.

അല്ലങ്കില്‍ കരാല്‍മുക്ക് റെയില്‍വേ ഗേറ്റ് വഴി സഞ്ചരിക്കണം. ഒട്ടുമിക്ക നേരവും ഇവിടെ ഗേറ്റ് അടഞ്ഞുകിടക്കുന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ആശുപത്രികളില്‍ പോകുന്നതിനോ വിദ്യാർഥികള്‍ക്ക് കൃത്യസമയത്ത് സ്കൂളില്‍ എത്തുന്നതിനോ കഴിയാറില്ല. യാത്രാ ദുരിതം മൂലം ഈ ഭാഗത്തേക്ക് ഓട്ടോറിക്ഷകള്‍ ഓട്ടം പോലും വരാറില്ലന്നാണ് പ്രദേശവാസികളുടെ പരാതി.

അടിപ്പാത നിർമിച്ചാല്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർക്കും സൗകര്യപ്രദമാകും. കാരാളിമുക്ക് – റെയില്‍വേ സ്റ്റേഷൻ റോഡില്‍ അടിപ്പാതക്ക് സമാനമായ വലിയ കലുങ്കുണ്ട്. നിലവില്‍ വെള്ളം ഒഴുകിപ്പോകുന്ന തോടായി കിടക്കുകയാണ്. ഒപ്പം കാട് മൂടിയും മാലിന്യ നിക്ഷേപ കേന്ദ്രവുമാണ്. ഈ കലുങ്കിനെ അടിപ്പാതയായി വികസിപ്പിച്ചെടുക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *