ഇസ്രായേലിനേക്കാള്‍ സുരക്ഷിതം പുറത്താണെന്ന് 60% ഇസ്രായേലി പ്രവാസികള്‍; നാട്ടിലേക്ക് മടങ്ങേണ്ടെന്ന് 20% പേര്‍

ഇസ്രായേലില്‍ താമസിക്കുന്നതിനേക്കാള്‍ സുരക്ഷിതം മറ്റുരാജ്യങ്ങളിലാണെന്ന് പ്രവാസികളായ 60 ശതമാനം ഇസ്രായേലികളും അഭിപ്രായപ്പെട്ടതായി സർവേ.

വിദേശത്തുള്ള ഇസ്രായേലികളില്‍ വേള്‍ഡ് സയണിസ്റ്റ് ഓർഗനൈസേഷൻ ഒക്ടോബറില്‍ നടത്തിയ സർവേയിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 20 പ്രവാസികളും ഇസ്രായേലിലേക്ക് മടങ്ങുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലെന്നും സർവേ റിപ്പോർട്ടില്‍ പറയുന്നു. ഇസ്രായേലിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ 40% പേർ മാത്രമാണ് രാജ്യം ജീവിക്കാൻ സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടത്.

കൂടാതെ, പ്രവാസികളില്‍ 20% പേർ മാത്രമാണ് തങ്ങളുമായി ഇടപഴകുന്നവരില്‍നിന്ന് പോസിറ്റീവ് മനോഭാവം ലഭിക്കുന്നതായി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 50% കുറവാണിത്. ഇസ്രായേലികളാണെന്ന് തങ്ങളുടെ അടുത്ത പരിചയക്കാരല്ലാത്തവരോട് വെളിപ്പെടുത്തുന്നത് സുരക്ഷിതമല്ലെന്നും പ്രതികരിച്ചവരില്‍ പകുതി പേരും അഭിപ്രായപ്പെട്ടു.

അതേസമയം, ഒക്‌ടോബർ ഏഴിന് ശേഷം പ്രാദേശിക ജൂത സമൂഹങ്ങളുമായുള്ള ബന്ധം വർധിച്ചതായി പ്രവാസികളില്‍ പകുതി പേർ ചൂണ്ടിക്കാട്ടിയപ്പോള്‍ ബാക്കിയുള്ളവർ ഇത് നിഷേധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 10% വർധനവാണ് ഇതില്‍ ഉണ്ടായത്.

സർവേയോട് പ്രതികരിച്ച ഇസ്രായേലികള്‍ ഒക്ടോബർ ഏഴിന് ശേഷമുള്ള പുതിയ സാഹചര്യങ്ങളോട് ഭയവും ഉത്കണ്ഠയും പ്രകടിപ്പിച്ചതായി വേള്‍ഡ് സയണിസ്റ്റ് ഓർഗനൈസേഷൻ പ്രവാസി കാര്യ വിഭാഗം മേധാവി ഗുസ്തി യെഹോഷ്വാ ബ്രാവർമാൻ പറഞ്ഞു. രാജ്യത്ത് കഴിയുന്നവരെ പോലെ തന്നെ വിദേശത്ത് താമസിക്കുന്ന ഇസ്രായേലികള്‍ക്കിടയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് പൊതുവികാരമെന്നും അവർ ചൂണ്ടിക്കാട്ടി.

‘ഇസ്രായേലിന്റെ ഭാവിയെ കുറിച്ച്‌ ആഴത്തില്‍ ചിന്തിക്കുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്ന ലോകമെമ്ബാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ഇസ്രായേല്‍ ജനത പരിഗണിക്കണം. വിദേശത്തുള്ള ഇസ്രായേലികളുമായി സഹകരണം മെച്ചപ്പെടുത്താൻ തുടർച്ചയായി ബന്ധം പുലർത്തണം. ഇസ്രായേല്‍ അവരുടെ യഥാർത്ഥ ഭവനമാണെന്ന് എല്ലാവരും മനസ്സിലാക്കുന്നു’ -ബ്രാവർമാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞമാസം ഇസ്രായേല്‍ സർക്കാറിന്റെ ഡയസ്‌പോറ അഫയേഴ്‌സ് ആൻഡ് കോംബാറ്റിങ് ആൻറിസെമിറ്റിസം മന്ത്രാലയം പ്രവാസി ജൂത കൗമാരക്കാർക്കിടയില്‍ നടത്തിയ സർവേയില്‍ അവർക്ക് ഇസ്രായേലിനോടുള്ള എതിർപ്പ് വർധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. പുതുതലമുറ ജൂതമത വിശ്വാസികളില്‍ നിരവധി പേർ ഗസ്സയിലെ കൂട്ടക്കൊലയെ വിമർശിച്ചും ഹമാസിനോട് അനുഭാവം പ്രകടിപ്പിച്ചും സർവേയില്‍ പ്രതികരിച്ചിരുന്നു.

മൊസൈക് യുണൈറ്റഡുമായി ചേർന്ന് വിവിധ രാജ്യങ്ങളിലെ ജൂത കൗമാരക്കാർക്കിടയില്‍ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മറ്റ് രാജ്യങ്ങളിലെ സമപ്രായക്കാരെ അപേക്ഷിച്ച്‌ അമേരിക്കയിലെ ജൂത കൗമാരക്കാർ ഇസ്രായേലിനെക്കുറിച്ച്‌ വിമർശനാത്മക വീക്ഷണങ്ങള്‍ പുലർത്തുന്നുവെന്നും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നും റിപ്പോർട്ടില്‍ വെളിപ്പെടുത്തുന്നു.

സർവേ ഫലം അനുസരിച്ച്‌, അമേരിക്കൻ ജൂത കൗമാരക്കാരില്‍ 37 ശതമാനം പേർ ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതായി ഇസ്രായേല്‍ മാധ്യമമായ ‘ജറൂസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇതില്‍ തന്നെ 14 വയസ്സുള്ളവരില്‍ 60% പേരും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ആഗോളതലത്തില്‍ ഏഴ് ശതമാനം ജൂത കൗമാരക്കാരാണ് ഹമാസിനോട് അനുഭാവം പുലർത്തുന്നത്.

ഇസ്രായേല്‍ ഗസ്സയില്‍ വംശഹത്യ നടത്തുകയാണെന്ന് 42% യുഎസ് ജൂത കൗമാരക്കാരും വിശ്വസിക്കുന്നതായി സർവേയില്‍ കണ്ടെത്തി. ഒമ്ബത് ശതമാനം ജൂത കുട്ടികളാണ് അന്താരാഷ്ട്ര തലത്തില്‍ ഇക്കാര്യം അംഗീകരിക്കുന്നത്. വ്യത്യസ്ത സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതാണ് അമേരിക്കൻ ജൂത കൗമാരക്കാർക്കിടയില്‍ ഇസ്രായേലിനോടുള്ള എതിർപ്പ് ഉയരാൻ കാരണമെന്നും ഇത് ‘ആശങ്കാജനകമാണെന്നും’ റിപ്പോർട്ടില്‍ പറയുന്നു.

ശക്തമായ ജൂതമത വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരില്‍ പോലും 6% പേർ ഹമാസിനോട് അനുഭാവം പുലർത്തുന്നുണ്ട്. അതേസമയം ജൂതമതക്യാമ്ബുകളിലോ ഡേ സ്കൂളുകളിലോ സപ്ലിമെൻററി സ്കൂളുകളിലോ പങ്കെടുക്കുന്നവരും ഇസ്രായേലികളുമായി വ്യക്തിപരമായി ഇടപഴകുന്നവരും ആയ വിദേശരാജ്യങ്ങളിലെ ജൂതകൗമാരക്കാർക്കിടയില്‍ ഇസ്രായേല്‍ വിരുദ്ധ വീക്ഷണങ്ങള്‍ പുലർത്താനുള്ള സാധ്യത താരതമ്യേന കുറവാണെന്നും റിപ്പോർട്ടില്‍ പറയുന്നു. യഹൂദരുടെ വിദ്യാഭ്യാസ ഇടപെടലും ഇസ്രായേലിനോടുള്ള മനോഭാവവും തമ്മില്‍ ബന്ധമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. യു.എസിലെ ജൂതകുട്ടികള്‍ക്കിടയില്‍ കാര്യമായ ശ്രദ്ധ ചെലുത്തണമെന്ന് ഇസ്രായേല്‍ പ്രവാസികാര്യ മന്ത്രി അമിച്ചൈ ചിക്ലി ആഹ്വാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *