ഇസ്രായേലിനുള്ള അമേരിക്കൻ പിന്തുണ അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തം

ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന വംശഹത്യയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ശനിയാഴ്ച അല്‍ തബീൻ സ്കൂളില്‍ നടത്തിയ കൂട്ടക്കൊല.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് അഭയാർഥികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ക്രൂരകൃത്യത്തിനെതിരെ ലോകരാജ്യങ്ങള്‍ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇത്തരം കൂട്ടക്കൊലകള്‍ക്ക് പിന്തുണ നല്‍കുന്ന അമേരിക്കക്കെതിരെയും വലിയ വിമർശനമുണ്ട്. അമേരിക്കയുടെ പിന്തുണ അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. ആയുധം നല്‍കുന്നതടക്കം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

‘വെടിനിർത്തല്‍ കരാറിലേക്ക് അടുക്കുകയാണെന്നാണ് അമേരിക്കരും സഖ്യകക്ഷികളും അവകാശപ്പെടുന്നത്. എന്നാല്‍, ഫലസ്തീനികള്‍ കാണുന്നത് മരണവും കുടിയിറക്കവും നിരാശയുമാണ്’ -അറബ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് സഹസ്ഥാപകനും പ്രസിഡന്റുമായ ജെയിംസ് സോഗ്ബി പറഞ്ഞു. പരിഹാസ്യമായ ഈ അഭിനയം അവസാനിപ്പിക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. വെടിനിർത്തലും സമാധാനവും ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് നമ്മള്‍ ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നതെന്നും ജെയിംസ് സോഗ്ബി ചോദിച്ചു. അല്‍ തബീൻ സ്കൂളിലെ ആക്രമണത്തിന് ഉപയോഗിച്ചത് അമേരിക്കൻ നിർമിത ജി.ബി.യു-39 എന്ന ചെറുബോംബാണെന്ന് സി.എൻ.എൻ ജേണലിസ്റ്റ് അല്ലെഗ്ര ഗുഡ്‍വിൻ ‘എക്സി’ല്‍ കുറിച്ചു.

ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രഡിഡന്റ് ജോ ബൈഡന് മേല്‍ വലിയ സമ്മർദമുണ്ട്. ഇതിനിടയിലാണ് ശനിയാഴ്ച നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ആക്രമണമുണ്ടാകുന്നത്. ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക നല്‍കാറുണ്ടായിരുന്നത്. എന്നാല്‍, ഈ വർഷമാദ്യം 14 ബില്യണ്‍ ഡോളറിന്റെ അധികസഹായം നല്‍കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചിരുന്നു.

ഗസ്സയില്‍ അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതര ലംഘനമാണ് അമേരിക്കൻ നിർമിത ആയുധങ്ങള്‍ ഉപയോഗിച്ച്‌ ഇസ്രായേല്‍ നടത്തുന്നതെന്ന് അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇത് യു.എസ് നയത്തിനും നിയമങ്ങള്‍ക്കും എതിരാണെന്നും ഇവർ ഓർമിപ്പിക്കുന്നു. എന്നാല്‍, ഇതൊന്നും ചെവികൊള്ളാതെ ഇസ്രായേലിന് നിർബാധം പിന്തുണ നല്‍കുകയാണ് അമേരിക്ക. ഇസ്രായേലിന് അമേരിക്കൻ നിർമിത ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉപയോഗിക്കാനായി 3.5 ബില്യണ്‍ ഡോളർ അധികസഹായം നല്‍കുമെന്നാണ് വെള്ളിയാഴ്ച യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് വക്താവ് പ്രഖ്യാപിച്ചത്.

അതേസമയം, ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങള്‍ക്കുള്ള അമേരിക്കയുടെ അന്ധമായ പിന്തുണ അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദീന ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും പ്രായമായവരും അടക്കമുള്ള സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. അമേരിക്ക ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതാണ് ഗസ്സയില്‍ പത്ത് മാസമായി തുടരുന്ന ആക്രമണത്തിനും അല്‍ തബീൻ സ്കൂളിലെ കൂട്ടക്കൊലക്കും കാരണമായതെന്നും വക്താവ് കൂട്ടിച്ചേർത്തു.

സ്കൂള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രായേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയിലെ മനുഷ്യാവാകാശ പ്രവർത്തകരും ആവശ്യപ്പെട്ടു. അമേരിക്കൻ പിന്തുണയോടെയുള്ള ഗസ്സയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന്

യു.എസ് – മുസ്ലിം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കൻ-ഇസ്‍ലാമിക് റിലേഷൻസ് ആവശ്യപ്പെട്ടു. ബൈഡൻ ഭരണകൂടം മനുഷ്യജീവിതത്തിന് വിലകല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇസ്രായേല്‍ സർക്കാറിനുള്ള ആയുധ വില്‍പ്പന തടയുകയും നെതന്യാഹുവിനെ സമാധാന കരാറിലെത്താൻ നിർബന്ധിക്കുകയും ചെയ്യണം. ഇസ്രായേലിന് ഇനി ആയുധങ്ങള്‍ നല്‍കരുതെന്നും ഇവർ വ്യക്തമാക്കി.

അതിഭയാനകമായ കാഴ്ചകള്‍ക്കാണ് അല്‍ തബീൻ സ്കൂള്‍ ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിർവഹിക്കുന്നതിനിടെയായിരുന്നു ആക്രമണം. മൂന്ന് റോക്കറ്റുകളാണ് സ്കൂളിന് മുകളില്‍ പതിച്ചത്. സ്കൂള്‍ പരിസരം മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കൊണ്ട് നിറഞ്ഞതായി ദൃക്സാക്ഷികള്‍ അറിയിച്ചിരുന്നു. അഭയാർഥികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് സ്കൂളില്‍ താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *