ബുധനാഴ്ച പുലർച്ചെ തെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈല്‍ ഹനിയ്യയുടെ മയ്യിത്ത് വ്യാഴാഴ്ച ദോഹയിലെത്തിക്കും.മയ്യിത്ത് നമസ്കാരവും, പൊതുദർശനവും ഉള്‍പ്പെടെ ഇറാനില്‍ ഔദ്യോഗിക ചടങ്ങുകള്‍ പൂർത്തിയാക്കിയ ശേഷമാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഖത്തറിലെത്തിക്കുന്നത്. തുടർന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദോഹയിലെ ഇമാം മുഹമ്മദ് ബിൻഅബ്ദുല്‍ വഹാബ് പള്ളിയില്‍ മയ്യിത്ത് നമസ്കാരശേഷം ലുസൈലില്‍ ഖബറടക്കും.ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിൻ അബ്ദുല്‍ വഹാബ് മസ്ജിദില്‍ വിവിധ അറബ് നേതാക്കളും, പൊതുജനങ്ങളും പങ്കെടുക്കും. 2017ല്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിറകെ ഗസ്സ വിട്ട ഇസ്മാഈല്‍ ഹനിയ്യയുടെ പ്രവർത്തനകേന്ദ്രം ഖത്തറായിരുന്നു.ദോഹയിലിരുന്ന് നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചരടുവലിച്ച അദ്ദേഹം, ഇസ്രായേലിന്റെ വധഭീഷണികള്‍ക്കിടയിലും വിദേശയാത്രകളും കൂടിക്കാഴ്ചകളുമായി സജീവമായി. ഇതിനിടെയാണ് തെഹ്റാനില്‍ വെച്ച് കൊല്ലപ്പെടുന്നത്. ഒടുവില്‍ രക്തസാക്ഷിയായി തിരികെയെത്തി അന്ത്യവിശ്രമം കൊള്ളുന്നതും അഭയമായ മണ്ണില്‍ തന്നെയാണ്.