ഇറാന്റെ ആക്രമണ ഭീഷണികള്‍ക്കിടെ തങ്ങള്‍ എന്തിനും തയ്യാറാണെന്നും കനത്ത തിരിച്ചടി നല്‍കുമെന്നുമുള്ള മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
‘ഏത് സാഹചര്യത്തിനും ഞങ്ങള്‍ തയ്യാറാണ്- അത് ആക്രമണമായാലും പ്രതിരോധമായാലും’, ഇസ്രയേല്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു. ഇസ്രയേലിന് നേരെയുള്ള ഇറാന്റെയും ഹിസ്ബുല്ലയുടെയും ആക്രമണത്തിന് തിങ്കളാഴ്ച തുടക്കമാകുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ കൊലപാതകത്തില്‍ പ്രതികാരംചെയ്യുമെന്ന് നേരത്തെ ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്. ഇതേത്തുടർന്ന് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയുണ്ടായി. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ തലവൻമാരടക്കം പങ്കെടുത്ത യോഗത്തില്‍ പ്രത്യാക്രമണത്തിന് സജ്ജമാകാൻ തീരുമാനിച്ചു.
തിന്മകളുടെ കൂട്ടായ്മയ്ക്കെതിരെ ഇസ്രയേല്‍ ബഹുമുഖ യുദ്ധത്തിലാണെന്ന് പറഞ്ഞ നെതന്യാഹു, ശത്രുക്കള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ‘ശത്രുക്കളോട് ഞാൻ ആവർത്തിച്ച് പറയുന്നു. ഞങ്ങള്‍ പ്രതികരിക്കും, ഞങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തിനും, ഏത് ഭാഗത്തുനിന്നായാലും കനത്ത വില ഈടാക്കും’, നെതന്യാഹു പ്രഖ്യാപിച്ചു.
ഏത് ആക്രമണത്തിനും വളരെ വേഗത്തില്‍ മറുപടി നല്‍കാൻ തങ്ങള്‍ സർവ്വ സജ്ജമാണെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ‘ഞങ്ങള്‍ കരയിലും വായുവിലും വളരെ ശക്തമായി സജ്ജരാണ്, ആക്രമണത്തിനോ പ്രതികരിക്കാനോ വേഗത്തില്‍ നീങ്ങാൻ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങളെ ആക്രമിക്കാൻ തുനിഞ്ഞാല്‍ അതിന് അവർ വലിയ വിലകൊടുക്കേണ്ടി വരും’, ഗാലന്റ് പറഞ്ഞു.
ഹിസ്ബുള്ളയില്‍നിന്നും ഇറാനില്‍നിന്നുമുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ നെതന്യാഹു അടക്കമുള്ള ഇസ്രയേലിലെ ഉന്നത നേതാക്കള്‍ക്ക് യുദ്ധസമയത്ത് ദീർഘകാലം സുരക്ഷിതമായി കഴിയാനായി ഭൂഗർഭ ബങ്കർ തയ്യാറായതായും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, പലസ്തീൻ അധിനിവേശ മേഖലയില്‍ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. നിരവധി സൈനികർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും ഹിസ്ബുല്ലയുടെ പ്രസ്താവനയില്‍ പറഞ്ഞു.